ആംനെസ്റ്റി ഇന്ത്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ആംനെസ്റ്റി ഇന്ത്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
കശ്മീര്‍ വിഷയത്തില്‍ നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ച് എബിവിപി നല്‍കിയ പരാതിയിലാണ് ....
ആംനെസ്റ്റി ഇന്ത്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ബാംഗ്ലൂരില്‍ കശ്മീര്‍ വിഷയത്തില്‍ നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ച് എബിവിപി നല്‍കിയ പരാതിയിലാണ് ബംഗളുരു പൊലീസ് കേസെടുത്തിരിക്കുന്നത് എഫ് ഐ ആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. എന്നാല്‍ എഫ്ഐആറിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നാണ് ആംനെസ്റ്റി ഇന്ത്യയുടെ മറുപടി.
ശനിയാഴ്ച ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കല്‍ കൊളേജില്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആംനെസ്റ്റി ഇന്ത്യ നടത്തിയ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ച് എബിവിപി നല്‍കിയ പരാതിയിലാണ് ബാംഗ്ലൂര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. രാജ്യദ്രോഹം, കലാപത്തിനുള്ള ആഹ്വാനം, നിയമ വിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരന്‍ ഹാജരാക്കിയ വീഡിയോ ടേപ്പുകള്‍ വിശകലനം ചെയ്തും വ്യക്തമായ നിയമേപദേശം തേടിയുമാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
അന്വേഷണം പുരോഗമിക്കുന്നതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയും പ്രതികരിച്ചു. സ്വാതന്ത്ര്യത്തെക്കുറിച്ച് ബോധമില്ലാത്തവരാണ് കേസെടുത്തതെന്നും എഫ്ഐആറിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നുമാണ് ആംനെസ്റ്റി ഇന്ത്യയുടെ പ്രതികരണം.
Adjust Story Font
16