ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം, പഞ്ചാബില്‍ കോണ്‍ഗ്രസ്
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം, പഞ്ചാബില്‍ കോണ്‍ഗ്രസ്
മണിപ്പൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, ഉത്തരാഖണ്ഡില്‍ ബിജെപി കേവലഭൂരിപക്ഷത്തിലേക്ക്
രാജ്യം ഏറെ ശ്രദ്ധയോടെ നിരീക്ഷിച്ച ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്ര ജയം. എതിരാളികളെ ബഹുദൂരം പിന്നിലാക്കി നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ഒന്നര പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്തിന്‍റെ അമരത്ത് ബിജെപി എത്തുന്നത്. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന എസ്പി - കോണ്‍ഗ്രസ് സഖ്യത്തിന് കാര്യമാത്രമായ ചലനം സൃഷ്ടിക്കാനായില്ല. 21 ശതമാനം വോട്ടുകള്‍ മാത്രമാണ് എസ്പിക്ക് സ്വന്തമാക്കാനായത്. കോണ്‍ഗ്രസിനാകട്ടെ ലഭിച്ചത് ആറ് ശതമാനം മാത്രവും. ബിഎസ്പിയുടെ ദയനീയ പ്രകടനമാണ് ഉത്തര്‍പ്രദേശ് ഫലത്തിലെ ശ്രദ്ധേയമായ മറ്റൊരു വസ്തുത. 22 ശതമാനം വോട്ട് കരസ്ഥമാക്കാനായെങ്കിലും ഇരുപതില്‍ താഴെ സീറ്റുകളെന്ന ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് മായാവതി ഏറ്റുവാങ്ങിയത്.
പ്രവചിത വഴികളില്‍ തന്നെ നീങ്ങിയ പഞ്ചാബ് കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു. അമരീന്ദര്‍ സിങ് എന്ന ഒറ്റയാന്‍റെ തണലില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പഞ്ചാബിന്‍റെ അമരത്തേക്ക് കോണ്‍ഗ്രസ് എത്തുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആശ്വാസം പകര്‍ന്ന ഏക സംസ്ഥാനമായി പഞ്ചാബ് മാറി. കോണ്‍ഗ്രസിന് ശക്തമായ ഭീഷണിയുയര്‍ത്തുമെന്ന് കരുതിയിരുന്ന എഎപി രണ്ടാം സ്ഥാനതെത്തിയെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായില്ല. കനത്ത തിരിച്ചടി നേരിടേണ്ടി വന്നില്ലെന്നത് ഭരണകക്ഷിയായ അകാലിദള്‍ - ബിജെപി സഖ്യത്തെ സഖ്യത്തിന് ആശ്വാസമായി.
ഉത്തരാഖണ്ഡില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. മുഖ്യമന്ത്രി ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പരമാവധി മുതലെടുക്കാനായത് അന്തിമ വിശകലനത്തില്‍ ബിജെപി കരുത്തായി.
മണിപ്പൂരിലും ഗോവയിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനിടയില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാളയത്തില്‍ നിന്നും പിണങ്ങിപ്പോയ കക്ഷികള്‍ നേടിയ ആറ് സീറ്റുകള്‍ ഗോവ നിലനിര്‍ത്താന്‍ ഒരുപക്ഷേ ബിജെപിയെ സഹായിച്ചേക്കും. മണിപ്പൂരെന്ന ശക്തമായ കോട്ടയില്‍ ബിജെപി വന്‍ വിള്ളലുകള്‍ തീര്‍ത്തെങ്കിലും ഭരണം നിലനിര്‍ത്താനാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
Adjust Story Font
16