Quantcast

സ്റ്റേഷനില്‍ സൂക്ഷിച്ച മദ്യം കാണാനില്ല; 9 ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചെന്ന് പൊലീസ്

MediaOne Logo

Khasida

  • Published:

    5 Jun 2018 12:28 PM GMT

സ്റ്റേഷനില്‍ സൂക്ഷിച്ച മദ്യം കാണാനില്ല; 9 ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചെന്ന് പൊലീസ്
X

സ്റ്റേഷനില്‍ സൂക്ഷിച്ച മദ്യം കാണാനില്ല; 9 ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചെന്ന് പൊലീസ്

നിയമവിരുദ്ധമായി മദ്യം കൈയ്യില്‍ സൂക്ഷിച്ചവരില്‍ നിന്ന് പിടികൂടി സ്റ്റേഷന്‍ ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായത്

സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷന്‍ ഗോഡൌണില്‍ സൂക്ഷിച്ച 9 ലക്ഷം ലിറ്റര്‍ മദ്യം കാണാതായതിന് പിന്നില്‍ എലികളെന്ന് പൊലീസ്. ബീഹാറിലെ പൊലീസ് സ്റ്റേഷന്‍ ഗോഡൌണില്‍ സൂക്ഷിച്ച മദ്യക്കുപ്പികളാണ് കാണാതായിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മദ്യം കാണാതായതിനെക്കുറിച്ച് ഈ വിചിത്രമായ വിശദീകരണം പൊലീസ് അധികൃതര്‍ നല്‍കിയത്.

രാജ്യത്ത് മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍. കഴിഞ്ഞ ഏപ്രിലിലാണ് നിതീഷ് കുമാര്‍ ഗവണ്‍മെന്റ് സംസ്ഥാനത്ത് പൂര്‍ണ മദ്യനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് നടപ്പാക്കാനായി പൊലീസും എക്സൈസ് ഡിപ്പാര്‍ട്ടുമെന്റും സംസ്ഥാനത്തുടനീളം മദ്യവേട്ട കര്‍ശനമാക്കിയിരുന്നു. അതിനിടെ നിയമവിരുദ്ധമായി മദ്യം കൈയ്യില്‍ സൂക്ഷിച്ചവരില്‍ നിന്ന് പിടികൂടി സ്റ്റേഷന്‍ ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. 9 ലക്ഷം ലിറ്ററോളം വരുന്ന മദ്യമാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച മദ്യം വന്‍തോതില്‍ അപ്രത്യക്ഷമായതായി ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തറിയുന്നതും പൊലീസിന് വിശദീകരണം നല്‍കേണ്ടി വന്നതും. കുറേ മദ്യക്കുപ്പികള്‍ നശിച്ചുപോയെന്നും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുടെ ശല്യമുണ്ടായിരുന്നതിനാല്‍ ബാക്കിയുള്ളവ അവ വന്‍തോതില്‍ കുടിച്ചുതീര്‍ത്തുവെന്നുമാണ് യോഗത്തില്‍ പോലീസ് അധികൃതര്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ എലികള്‍ കുടിച്ച് തീര്‍ത്തെന്ന വിശദീകരണത്തില്‍ തൃപ്തരാകാന്‍ സംസ്ഥാന പൊലീസ് മേധാവികള്‍ തയ്യാറായില്ല. സംഭവത്തില്‍ ബീഹാര്‍ പൊലീസ്‍മാന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മല്‍ സിംഗിനേയും അസോസിയേഷനിലെ മറ്റൊരും അംഗം ഷംസെര്‍ സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരും മെയ് 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വിശദമായ അന്വേഷണത്തിന് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്. പട്‌ന മേഖലാ ഐ.ജിയുടെ നേതൃത്വത്തിലാകും അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മദ്യം കടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എ.ഡി.ജി.പി. എസ്. കെ. സിംഗാല്‍ പറഞ്ഞു.

TAGS :

Next Story