Quantcast

ഇനി മഴക്കാലമാണ്, ഇവരെ ആര് നോക്കും... റോഹിങ്ക്യകളെ സഹായിക്കാന്‍ ആരാധകരോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ചോപ്ര

MediaOne Logo

Alwyn K Jose

  • Published:

    5 Jun 2018 1:11 PM GMT

ഇനി മഴക്കാലമാണ്, ഇവരെ ആര് നോക്കും... റോഹിങ്ക്യകളെ സഹായിക്കാന്‍ ആരാധകരോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ചോപ്ര
X

ഇനി മഴക്കാലമാണ്, ഇവരെ ആര് നോക്കും... റോഹിങ്ക്യകളെ സഹായിക്കാന്‍ ആരാധകരോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ചോപ്ര

ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ വംശഹത്യക്ക് ഇരയാക്കപ്പെട്ടവര്‍ക്ക് ആശ്വാസമാകാനാണ് പ്രിയങ്ക, റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്പിലെത്തിയത്.

കഴിഞ്ഞ വര്‍ഷം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥി കുട്ടികളെ സന്ദര്‍ശിച്ച് അവര്‍ക്ക് കൈത്താങ്ങായ യൂനിസെഫ് ഗുഡ്‍വില്‍ അംബാസഡര്‍ പ്രിയങ്ക ചോപ്ര ഇന്ന് ബംഗ്ലാദേശിലെ കോക്സ് ബസാറിലെത്തി. ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ വംശഹത്യക്ക് ഇരയാക്കപ്പെട്ടവര്‍ക്ക് ആശ്വാസമാകാനാണ് പ്രിയങ്ക, റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്പിലെത്തിയത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്നാണ് കോക്സ് ബസാര്‍. ഇവിടുത്തെ കുഞ്ഞുങ്ങളെ സന്ദര്‍ശിച്ച ശേഷം, അവരുടെ ദയനീയാവസ്ഥ തുറന്നുകാട്ടുകയാണ് പ്രിയങ്ക. താങ്ങാന്‍ കഴിയുന്നതിലും കൂടുതലാണ് ഇവിടുത്തെ ആള്‍ത്തിരക്ക്. തിങ്ങിഞെരുങ്ങി കഴിയുന്ന കുട്ടികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവരെ സഹായിക്കാന്‍ തന്റെ ആരാധകര്‍ മുന്നിട്ടിറങ്ങണമെന്നും പ്രിയങ്ക അഭ്യര്‍ഥിച്ചു.

ബ്രിട്ടനിലെ ദിവസങ്ങള്‍ നീണ്ട രാജകീയ വിവാഹത്തിന്റെ ആഘോഷരാവുകളില്‍ നിന്ന് പ്രിയങ്ക എത്തിയത് ഈ കുഞ്ഞുങ്ങളുടെ ദുരിതകേന്ദ്രത്തിലേക്കായിരുന്നു. അഭയാര്‍ഥി കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശേഷം വികാരഭരിതമായ ഒരു കുറിപ്പും പ്രിയങ്ക കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ''ഞാനിപ്പോള്‍ ബംഗ്ലാദേശിലെ കോക്സ് ബസാറിലാണ്. യൂനിസെഫിനൊപ്പം ഫീല്‍ഡ് വിസിറ്റിനെത്തിയതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണിത്. 2017 ന്റെ പകുതിയോടെ മ്യാന്‍മറിലെ രാഖിനില്‍ നിന്നുള്ള ഭയാനകമായ വംശഹത്യയുടെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരുന്നു. ഈ കൊടും ക്രൂരത കാരണം ഏഴു ലക്ഷത്തോളം റോഹിങ്ക്യകളാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇതില്‍ 60 ശതമാനവും കുട്ടികളായിരുന്നു. കോക്സ് ബസാറിലെ ക്യാമ്പിലെ അവസ്ഥ നരകസമാനമാണ്. കുഞ്ഞുങ്ങള്‍ തിങ്ങിഞെരുങ്ങി ശ്വാസംമുട്ടിയാണ് ഓരോദിവസവും തള്ളിനീക്കുന്നത്. അടുത്തനേരം ഭക്ഷണം കിട്ടുമോയെന്ന് പോലും ഇവര്‍ക്ക് ഉറപ്പില്ല. ഇനി മഴക്കാലമാണ് വരാന്‍ പോകുന്നത്. കനത്ത മഴ ഇവരെ നശിപ്പിച്ചുകളയും. മഴ പലവിധം രോഗങ്ങളുമായാണ് എത്തുക. പകര്‍ച്ചവ്യാധികള്‍ ഇവര്‍ക്കിടയില്‍ പടരാന്‍ സാധ്യത കൂടുതലാണ്. ഒരു തലമുറയാണ് ഈ വിധം ദുരിതമനുഭവിക്കുന്നത്. അവരുടെ ചുണ്ടിലെ പുഞ്ചിരി എനിക്ക് അവരുടെ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞില്ല. ലോകത്തിന്റെ ശ്രദ്ധയും സഹായവും ഇവര്‍ക്ക് ആവശ്യമുണ്ട്. വിദ്യാഭ്യാസവും വലിയൊരു വെല്ലുവിളിയാണ്. ഇവരെ സഹായിക്കണം.'' - പ്രിയങ്ക കുറിച്ചു.

Next Story