കശ്മീരികളുടെ വിശ്വാസം നേടാനാവാത്ത 3 വര്‍ഷത്തെ ഭരണം
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സൈനിക നടപടികളും ഭീകരാക്രമണങ്ങളും സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളും മുന്‍കാലങ്ങളേക്കാള്‍ അധികമായിരുന്നു.
കശ്മീരികളുടെ വിശ്വാസം ഒട്ടും ആര്‍ജിക്കാന്‍ കഴിയാതെയാണ് ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്റെ മൂന്നുവര്‍ഷത്തെ ഭരണം അവസാനിക്കുന്നത്. അതിര്‍ത്തി സംഘര്‍ഷങ്ങളും ആഭ്യന്തര പ്രശ്നങ്ങളും മുന്‍കാലങ്ങളേക്കാള്‍ വര്‍ധിച്ചു. സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ജനകീയ പ്രക്ഷോഭങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമാവുകയും ചെയ്തു.
രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചാണ് ജമ്മു കശ്മീരിലെ പ്രാദേശിക പാര്‍ട്ടിയായ പി.ഡി.പിയുമായി ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. രാഷ്ട്രീയ നിലപാടുകളില്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് പാര്‍ട്ടികളുടെ സഖ്യം എത്രകാലം നിലനില്‍ക്കുമെന്ന ആശങ്ക അന്നേ ശക്തമായിരുന്നു.
വിഘടന വാദി നേതാവ് മസാറത് ആലമിന്റെ ജയില്‍ മോചനത്തോടെ തന്നെ ഭിന്നത തുടങ്ങി. സൈന്യത്തിന്റെ ഇടപെടലുകള്‍ ഭിന്നത രൂക്ഷമാക്കി. ജീപ്പിന് മുന്നില്‍ കശ്മീരി യുവാവിനെ കെട്ടിവച്ച് സൈന്യം മനുഷ്യ കവചമുണ്ടാക്കിയത് വന്‍ വിവാദമായി. കല്ലെറിഞ്ഞ് ജനം സൈന്യത്തെ നേരിട്ടു.
ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത് മുമ്പെങ്ങുമില്ലാത്ത സംഘര്‍ഷത്തിലേക്ക് താഴ്‍വരയെ കൊണ്ടെത്തിച്ചു. ഒന്നരമാസം ജനജീവിതം നിശ്ചലമായി. 68 പേര്‍ കൊല്ലപ്പെട്ടു. സൈന്യം 13 ലക്ഷം പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചു. 3000ത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. നൂറോളം പേരുടെ കാഴ്ച നഷ്ടമായി.
കത്‍വയില്‍ എട്ടുവയസുകാരിയെ ഒരാഴ്ച ക്ഷേത്രത്തില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന പ്രതികള്‍ക്ക് ബി.ജെ.പി നേതാക്കളും മന്ത്രിമാരും പിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് മുന്നില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിസ്സഹായയായി. അന്നുതന്നെ ഏറെക്കുറെ തകര്‍ന്ന നിലയിലായിരുന്ന സഖ്യം പിന്നീട് പേരിന് മാത്രമാണ് നിലനിന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സൈനിക നടപടികളും ഭീകരാക്രമണങ്ങളും സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളും മുന്‍കാലങ്ങളേക്കാള്‍ അധികമായിരുന്നു. ഉറി ആക്രമണം പോലെയുള്ള വന്‍ ഭീകരാക്രമണങ്ങള്‍ക്കും കശ്മീര്‍ സാക്ഷിയായി. എല്ലാ മേഖലയിലും കശ്മീരിനെ അസ്ഥിരമാക്കുകയും പിന്നോട്ടടിക്കുകയും ചെയ്ത സര്‍ക്കാറില്‍നിന്നാണ് ബി.ജെ.പി ഇപ്പോള്‍ പിന്‍മാറിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിന് തീവ്ര ഹിന്ദുത്വം താത്‍കാലികമായി ഉപേക്ഷിച്ച ബി.ജെ.പിയും സംഘ്പരിവാര്‍ വിരുദ്ധത മാറ്റിവച്ച പി.ഡി.പിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ അനിവാര്യമായ പതനം.
Adjust Story Font
16