പാകിസ്ഥാനുമായി വരെ പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറാകുന്നു; എന്തുകൊണ്ടാണ് തങ്ങളോട്സംസാരിക്കാത്തതെന്ന് എഎപി
ഡൽഹി സർക്കാരുമായി സെക്രട്ടേറിയറ്റില്‍ ചർച്ചക്ക് തയ്യാറാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ
ഡൽഹി സർക്കാരുമായി സെക്രട്ടേറിയറ്റില്‍ ചർച്ചക്ക് തയ്യാറാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ. എന്നാൽ ചർച്ചയിൽ ലെഫ്റ്റനന്റ് ഗവർണർ പങ്കെടുക്കുമോയെന്ന് വ്യക്തതയില്ല . പാകിസ്ഥാനുമായി വരെ ചർച്ച നടത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് തങ്ങളോട് സംസാരിക്കാത്തതെന്ന് ആം ആദ്മി പാർട്ടി ചോദിച്ചു.
സർക്കാരും ഐഎഎസ് ഉദ്യോഗസ്ഥരും ചർച്ചക്ക് തയ്യാറായതിനാൽ ലെഫ്റ്റനൻറ് ഗവർണർ സംയുക്ത യോഗം വിളിക്കണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മനീഷ് സിസോദിയ ലെഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ചു. എങ്കിലും ചർച്ചക്ക് വിളിക്കാൻ ലെഫറ്റന്റ് ഗവർണർ തയ്യാറായിട്ടില്ല. രാവിലെ ചീഫ് സെക്രട്ടറി അൻഷു പ്രകാശും ലെഫ്റ്റനന്റ് ഗവർണറും കൂടിക്കാഴ്ച നടത്തി.
സമവായശ്രമത്തിന് വഴി തെളിയുമ്പോൾ മുഖ്യമന്ത്രി കെജ്രിവാളും മന്ത്രി ഗോപാൽ റായിയും നടത്തുന്ന ധർണ ഒൻപതാം ദിവസവും തുടരുകയാണ്. നേരത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉപമുഖ്യമന്ത്രി സത്യേന്ദ്ര ജെയിനും മനീഷ് സിസോദിയയും ആശുപത്രി വിട്ടു.
എൻ ഡി എ സഖ്യകക്ഷികളായ ജെഡിയുവും ശിവസേനയും കെജ്രിവാളിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് വിവിധ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ച പിന്തുണയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് - ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നയാളെ ആം ആദ്മി പാര്‍ട്ടി പിന്തുണച്ചേക്കും. കെജ്‍രിവാളിന്റെയും മന്ത്രിമാരുടെയും സമരത്തെയും പ്രധാനമന്ത്രിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ വിമര്‍ശിച്ചിരുന്നു.
നിലവിലെ സമരത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ഒപ്പുകള്‍ ശേഖരിക്കുന്ന പരിപാടിക്ക് ആം ആദ്മി പാര്‍ട്ടി ഇന്ന് തുടക്കം കുറിക്കും. ഇന്നലെ നടക്കേണ്ടിയിരുന്ന പരിപാടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Adjust Story Font
16