സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയെന്ന് സര്‍വേ
അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍
സ്ത്രീകളെ ദേവിയായി കണക്കാക്കുന്ന സംസ്കാരമുള്ള ഇന്ത്യയാണ് വനിതകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലൈംഗികാതിക്രമം സ്ത്രീകളെ അടിമപ്പണിക്ക് നിര്‍ബന്ധിതരാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദര്‍ക്കിടയില്‍ തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യയെ നാണംകെടുത്തുന്ന കണ്ടെത്തല്‍.
അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സൊമാലിയയും സൌദി അറേബ്യയുമാണ് സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത മറ്റ് രാജ്യങ്ങള്‍. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ ലോകപൊലീസായ അമേരിക്കയും മോശമല്ല. 2011ലും സമാന സര്‍വേ നടന്നിരുന്നു. ഇതിലും ഇന്ത്യ സ്ഥാനം പിടിച്ചിരുന്നു. കോംഗോ, സൊമാലിയ, പാക്സിതാന്‍ എന്നീ രാജ്യങ്ങളായിരുന്നു സ്ത്രീകള്‍ക്ക് ഏറ്റവും അപകടരമായ രാഷ്ട്രങ്ങള്‍.
ഡല്‍ഹിയില്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതിക്രമങ്ങള്‍ തടയാന്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്ന രാജ്യവും ഭാരതമാണ്. നിര്‍ബന്ധിത വിവാഹം, പെണ്‍ഭ്രൂണഹത്യ എന്നിവയുടെ കാര്യത്തിലും ഇന്ത്യ മുന്‍പന്തിയില്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയുള്ള ഒരു രാജ്യം, ശാസ്ത്ര, സാങ്കേതിക വിദ്യകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നാട് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ കാര്യത്തില്‍ നാണക്കേടുണ്ടായിരിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്റെ കാര്യത്തില്‍ 2007ല്‍ നിന്നും 2016ലെത്തിയാല്‍ 83 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓരോ മണിക്കൂറിലും നാല് ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കേന്ദ്ര വനിതാശിശുവികസന മന്ത്രാലയം സര്‍വേ ഫലത്തെ നിഷേധിച്ചു. സര്‍വേ ഫലം രാജ്യത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു .
Adjust Story Font
16