Quantcast

ജമ്മു കശ്‍മീരില്‍ പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ്

ജമ്മു കശ്മീരില്‍ പി.ഡി.പി സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായിരുന്നെന്നും ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പി.ഡി.പിയുമായി സഖ്യം രൂപീകരിക്കുന്നത് തിരിച്ചടിയാകുമെന്നും യോഗം വിലയിരുത്തി. 

MediaOne Logo

Web Desk

  • Published:

    2 July 2018 10:41 AM GMT

ജമ്മു കശ്‍മീരില്‍ പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ്
X

ജമ്മു കശ്മീരില്‍ പി.ഡി.പിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ വീട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. എന്നാല്‍ യോഗത്തില്‍ സഖ്യ വിഷയം ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു ജമ്മു കശ്മീരിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണിയുടെ പ്രതികരണം.

ജമ്മു കശ്മീരിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പി. ചിദംബരം, ഗുലാംനബി ആസാദ് എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ജമ്മു കശ്മീരില്‍ പി.ഡി.പി സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായിരുന്നെന്നും ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പി.ഡി.പിയുമായി സഖ്യം രൂപീകരിക്കുന്നത് തിരിച്ചടിയാകുമെന്നും യോഗം വിലയിരുത്തി. സഖ്യത്തിന് പകരം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതാണ് നല്ലതെന്നും യോഗത്തില്‍ ധാരണയായി. അമര്‍നാഥ് യാത്രക്ക് ശേഷം എന്‍.എന്‍ വൊഹ്റയെ മാറ്റി കടുത്ത സംഘപരിവാറുകാരനെ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ ഗവര്‍ണറാക്കിയേക്കുമെന്ന ആശങ്കയും യോഗത്തില്‍ ഉയര്‍ന്നു.

എന്നാല്‍ സഖ്യ വിഷയം ചര്‍ച്ചയായില്ലെന്നായിരുന്നു ജമ്മു കശ്മീരിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണിയുടെ പ്രതികരണം. 2019 ലെ പൊതു തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചയായതെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 19 ന് പി.ഡി.പിയുമായുള്ള സഖ്യം വിച്ഛേദിക്കുകയാണെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ വീണത്.

TAGS :

Next Story