Quantcast

ജസ്റ്റിസ് ലോയയുടെ മരണത്തിന്റെ ചുരുളഴിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു ???

പുലര്‍ച്ചെ അഞ്ചിന് അതിഥിമന്ദിരത്തില്‍ ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാര്‍ദെ മരണവിവരം ഭാര്യയെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു

MediaOne Logo
ജസ്റ്റിസ് ലോയയുടെ മരണത്തിന്റെ ചുരുളഴിച്ച  മാധ്യമ പ്രവര്‍ത്തകന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു ???
X

ഒരു കുടുംബം തങ്ങളുടെ നിശബ്ദത എറിഞ്ഞുടക്കുന്നു: ജഡ്ജി ലോയയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്ത്..

2017 നവംബര്‍ 20, കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തക്ക് നിരഞ്ജന്‍ താക്‌ളെ കാരവന്‍ മാഗസിനില്‍ കൊടുത്ത തലക്കെട്ടാണിത്. പക്ഷെ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടി പ്രതിയായ സി.ബി.ഐ ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണത്തിന്റെ ചുരുളഴിച്ച അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ താക്‌ളെ ഇപ്പോള്‍ എന്ത് ചെയ്യുന്നു.

സൊഹ്‌റാബുദ്ധീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണക്കിടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് നിരഞ്ജന്‍ താക്‌ളെ നടത്തിയ അന്വേഷണ പരമ്പരക്ക് അദ്ദേഹം നല്‍കിയ വില വലുതായിരുന്നു.

Brijgopal Harkishan Loya

ജസ്റ്റിസ് ലോയ കേസ്

സഹപ്രവര്‍ത്തകനായ ജഡ്ജിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണു 2014 നവംബര്‍ 30നു ലോയ നാഗ്പൂരിലെത്തിയത്. സര്‍ക്കാര്‍ അതിഥി മന്ദിരമായ രവി ഭവനിലായിരുന്നു താമസം. രാത്രി 11ന് ഭാര്യ ശര്‍മിളയെ വിളിച്ചു നാല്‍പതു മിനിറ്റിലേറെ ഫോണില്‍ സംസാരിച്ചു. അന്ന് രാത്രി ജസ്റ്റിസ് ലോയ മരണപ്പെട്ടു. പുലര്‍ച്ചെ അഞ്ചിന് അതിഥി മന്ദിരത്തില്‍ ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാര്‍ദെ മരണവിവരം ഭാര്യയെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.

രാത്രി 12.30ന് ലോയയ്ക്കു നെഞ്ചുവേദനയുണ്ടായെന്നും ഓട്ടോറിക്ഷയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് പറയപ്പെടുന്നത്. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുന്‍പു മരിച്ചു.

പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഈശ്വര്‍ ബഹേതി മൃതദേഹം കുടുംബ വീടായ ലത്തൂരിലെ ഗടേഗാവില്‍ എത്തിക്കുകയും കാര്യ വിവരങ്ങള്‍ ലോയയുടെ പിതാവ് ഹര്‍കിഷന്‍, സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സരിത മന്ധാനെ എന്നിവരെ ബാര്‍ദ അറിയിക്കുകയുമാണുണ്ടായത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സൊഹ്‌റാബുദ്ധീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിന് ലോയയുടെ മരണവുമായി ബന്ധമുണ്ടെന്നും ആരോപിച്ച് ലോയയുടെ സഹോദരി രംഗത്ത് വന്നു. ഒരുപാട് വിവാദങ്ങള്‍ക്ക് വഴി തെളിച്ച കേസില്‍ ഒടുവില്‍ സുപ്രിം കോടതി അന്വേഷണം ആവശ്യമില്ലെന്ന് വിധിച്ചു.

ബ്യൂറോ ചീഫില്‍ നിന്നും തൊഴില്‍ രഹിതനിലേക്ക്

നിരഞ്ജന്‍ താക്ളെ എന്ന മാധ്യമ പ്രവര്‍ത്തകനെ ഒരു പക്ഷെ രാജ്യം അറിയേണ്ടിയിരുന്നത് 2017 ലെ ഏറ്റവും വലിയ കേസിന്റെ ചുരുളഴിച്ചതിന്റെ പേരിലായിരുന്നു. പക്ഷെ ഇന്ന് താക്‌ളെ അറിയപ്പെടുന്നത് തൊഴില്‍ രഹിതന്‍ എന്ന് മുഖവുരയിലൂടെയാണ്.

2005 ലാണ് താക്‌ളെ സി.എന്‍.എന്‍ ഐ.ബി.എനില്‍ സ്റ്റിങ്ങറായി ചേരുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗര്‍ഭ പാത്രങ്ങള്‍ കടത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് താക്‌ളെ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് 2008 ല്‍ ന്യൂസ് 18 ചാനലിന്റെ ബ്യൂറോ ചീഫായി അദ്ദേഹം രംഗപ്രവേശനം ചെയ്തു. പക്ഷെ അവിടെ ചെറിയ വാര്‍ത്തകളില്‍ മാത്രം താന്‍ ഒതുങ്ങി പോകും എന്ന് തിരിച്ചറിഞ്ഞതിനാല്‍ അദ്ദേഹം തന്റെ ജോലി രാജിവച്ച് മുംബൈയിലേക്ക് തിരിക്കുകയായിരുന്നു.

മുംബൈയിലെത്തിയ ശേഷം താക്‌ളെ ദി വീക്ക് മാസികയില്‍ പ്രവേശിച്ചു. അവിടെ ഏഴു വര്‍ഷം ജോലി ചെയ്തു. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എന്തിനെക്കുറിച്ചും എഴുതാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് ദി വീക്കില്‍ ഉണ്ടായിരുന്നു. എങ്കിലും ഒരു സ്‌റ്റോറി അദ്ദേഹത്തെ ദി വീക്ക് ചെയ്യാന്‍ സമ്മതിച്ചില്ല. അതിനാല്‍ ആ ജോലി അദ്ദേഹം രാജിവച്ചു. അത് ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു. ശേഷം കഴിഞ്ഞ എട്ട് മാസങ്ങളായി അദ്ദേഹം തൊഴില്‍ രഹിതനാണ്. ലോയയുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത അച്ചടിച്ച കാരവന്‍ മാഗസിന്‍ പോലും അദ്ദേഹത്തിന് അവസരം നല്‍കിയില്ല.

മുഖ്യധാരാ മാധ്യമങ്ങളും മുന്‍നിര മാധ്യമ പ്രവര്‍ത്തകരും ചെയ്യാന്‍ താത്പര്യം കാണിക്കാതിരുന്ന വാര്‍ത്തയാണ് നിരഞ്ജന്‍ താക്‌ളെ എന്ന് 51 കാരന്‍ കാരവന്‍ മാഗസിന് വേണ്ടി ചെയ്തത്. തന്റെ മനസ്സിന് ശരി എന്ന് തോന്നിയ വാര്‍ത്ത പുറത്തുകൊണ്ട് വരാന്‍ ആരുടേയും സഹായമില്ലാതെയാണ് നിരഞ്ജന്‍ താക്‌ളെ തുനിഞ്ഞിറങ്ങിയത്. പത്ര പ്രവര്‍ത്തന രംഗത്തെ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ ഇപ്പോഴും അദ്ദേഹത്തോട് സംസാരിക്കാറില്ല. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ സ്വതന്ത്ര പത്ര പ്രവര്‍ത്തകര്‍ക്കായി ഒന്നും തന്നെ പ്രതിപാദിക്കുന്നുമില്ല. ചിലപ്പോള്‍ അത് സത്യസന്ധതക്കുള്ള നോക്കുകൂലിയായിരിക്കും.

Next Story