Quantcast

ഡല്‍ഹി സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വീണ്ടും തര്‍ക്കം

സ്ഥലം മാറ്റാനുള്ള അധികാരം സര്‍ക്കാരിനാണെന്ന ഉത്തരവ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല

MediaOne Logo

Web Desk

  • Published:

    5 July 2018 8:32 AM GMT

ഡല്‍ഹി സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വീണ്ടും തര്‍ക്കം
X

ഡല്‍ഹി സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വീണ്ടും തര്‍ക്കം. സ്ഥലം മാറ്റാനുള്ള അധികാരം സര്‍ക്കാരിനാണെന്ന ഉത്തരവ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. കോടതി വിധിയെ അംഗീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ നിയമോപദേശം തേടുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണനിര്‍വ്വഹണത്തിനുള്ള അധികാരം സര്‍ക്കാരിനാണെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കേജ്‍രിവാളും വ്യക്തമാക്കി.

സുപ്രിം കോടതി ഉത്തരവിന് പിന്നാലെ ആം ആദ്മി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിനുള്ള അധികാരം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമാണെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച സര്‍വീസസ് സെക്രട്ടറി ഫയല്‍ മടക്കി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് അധികാരമെന് 2015 ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നിലനില്‍ക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ സുപ്രീംകോടതി ഉത്തരവില്‍ ഡല്‍ഹിയിലെ അധികാരം സര്‍ക്കാരിനാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമാണെന്നും സിസോദിയ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും ആം ആദ്മി സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാകണമെന്നും മനീഷ് സിസോദിയ പറഞ്ഞു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പൊതുസമാധാനം, പൊലീസ് , ഭൂമി എന്നീ വിഷയങ്ങളില്‍ മാത്രമേ അധികാരമുള്ളുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും പറ‍ഞ്ഞു. ഉദ്യോഗസ്ഥര്‍ നിഷേധ നിലപാട് തുടരുകയാണെങ്കില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം . ഇതിനായി ഡല്‍ഹി സര്‍ക്കാര്‍ നിയമോപദേശം തേടുകയാണ്.

TAGS :

Next Story