Quantcast

സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗങ്ങള്‍ തടയാനാകില്ല: ബി.ജെ.പി എം.എല്‍.എ

രാജ്യത്തെ ഭരണഘടനക്കും ബലാത്സംഗങ്ങള്‍ തടയാന്‍ കൂടുതലായി ഒന്നും ചെയ്യാനാവില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്രസിങ്

MediaOne Logo

Web Desk

  • Published:

    8 July 2018 9:44 AM GMT

സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗങ്ങള്‍ തടയാനാകില്ല: ബി.ജെ.പി എം.എല്‍.എ
X

സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗങ്ങള്‍ തടയാനാകില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്രസിങ്. ഉന്നാവോയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് എം.എല്‍.എ വിവാദ മറുപടി നല്‍കിയത്.

"ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ സമൂഹത്തെ മലിനമാക്കുന്നു. ഭഗവാന്‍ ശ്രീരാമന്‍ ഭൂമിയില്‍ അവതരിച്ചാലും ബലാത്സംഗങ്ങള്‍ തടയാനാകില്ല‌. സമൂഹത്തില്‍ ഉന്നതമായ മൂല്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാനാവൂ. രാജ്യത്തെ ഭരണഘടനക്കും ബലാത്സംഗങ്ങള്‍ തടയാന്‍ കൂടുതലായി ഒന്നും ചെയ്യാനാവില്ല. കുറ്റവാളികളെ ജയിലില്‍ അടയ്ക്കാമെന്ന് മാത്രം", എം.എല്‍.എ പറഞ്ഞു.

നേരത്തെയും സുരേന്ദ്ര സിങ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. താജ് മഹലിന്റെ പേരുമാറ്റി രാം മഹല്‍ എന്നാക്കണമെന്ന് പറഞ്ഞതാണ് അവയിലൊന്ന്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ശൂര്‍പ്പണഖയോട് ഉപമിച്ചതാണ് മറ്റൊന്ന്. ബലാത്സംഗക്കേസില്‍ പ്രതിയായ എം.എല്‍.എയെ പിന്തുണച്ച് രംഗത്തെത്തിയതും വിവാദമായിരുന്നു.

എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ന്യായീകരണവുമായി ബി.ജെ.പി വക്താവ് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഗ്രാമ്യ ഭാഷ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യു.പി സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

TAGS :

Next Story