ഇഷ്ടമുള്ള പങ്കാളിയെ ലിംഗഭേദമില്ലാതെ തെരഞ്ഞെടുക്കാം; സുപ്രീം കോടതിയുടെ നിര്‍ണ്ണായക പരാമര്‍ശം
സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ ഭരണഘടനാ ബഞ്ചിന്‍റേതാണ് നിര്‍ണ്ണായക പരാമര്‍ശം
പങ്കാളിയെ ലിംഗഭേദമില്ലാതെ തെരഞ്ഞെടുക്കാന്‍ പൌരന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി. സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ ഭരണഘടന ബഞ്ചിന്‍റേതാണ് നിര്‍ണ്ണായക പരാമര്‍ശം. കേസില്‍ നാളെയും വാദം തുടരും.
സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് നേരത്തെ സുപ്രീംകോടതി ശരിവച്ചിരുന്നു. ഇതിനെതിരായ തിരുത്തല്‍ ഹര്‍ജികളാണ് ഇപ്പോള്‍ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്. കേസില്‍ ഇന്ന് മുതല്‍ വാദം ആരംഭിച്ച ബഞ്ച് ആദ്യം ദിനം തന്നെ നിര്‍ണായക പരാമര്‍ശം നടത്തി.
ഒരാള്‍ക്ക് ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഭരണഘടനയുടെ 21ആം അനുച്ഛേദം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നേരത്തെ ഹാദിയാ കേസ് വിധിയില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. പങ്കാളി എന്നാല്‍ എതിര്‍ ലിംഗത്തിപ്പെട്ട ആള്‍ തന്നെ ആകണം എന്നില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഈ കേസില്‍ ഭരണഘടനയുടെ 377ആം വകുപ്പിന്‍റെ സാധുത മാത്രമാണ് പരിശോധിക്കുന്നതെന്ന് തുടക്കത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും വ്യക്തത വരുത്തി.
എന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശം പുനസ്ഥാപിച്ച് കിട്ടണമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ സ്വതന്ത്ര്യത്തിന്‍റെ വിഷയമാണിത്. പഴയ നിയമത്തിലെ വ്യവസ്ഥകള്‍ സാമൂഹ്യമാറ്റങ്ങള്‍ക്കനുസരിച്ച് പരിഷ്കരിക്കേണ്ടതുണ്ടെന്നും പരാതിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
Adjust Story Font
16