Quantcast

ബീഫിന്റെ പേരില്‍ കൊല നടത്തിയവരെ മാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു

ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലിമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിച്ചത്.

MediaOne Logo
ബീഫിന്റെ പേരില്‍ കൊല നടത്തിയവരെ മാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രി  മാപ്പ് പറഞ്ഞു
X

ബീഫിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ മാപ്പ് പറഞ്ഞു. ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലിമുദ്ദീന്‍ അന്‍സാരിയെന്ന 55കാരനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിച്ചത്.

"നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും. നിരപരാധികളെ വെറുതെവിടും. രാംഗഡ് ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ചതിലൂടെ അത്തരം അതിക്രമങ്ങളെ പിന്തുണക്കുന്ന ആളാണ് ഞാനെന്ന തോന്നലുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു", സിന്‍ഹ പറഞ്ഞു.

2017 ജൂണ്‍ 29നാണ് ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഡില്‍ വെച്ച് അലിമുദ്ദീന്‍ അന്‍സാരിയെന്നയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ 11 പേര്‍ക്ക് അതിവേഗ കോടതി ജീവപര്യന്തം വിധിച്ചിരുന്നു. പക്ഷേ പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി, അപ്പീലില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സസ്പെന്‍ഡ് ചെയ്തു. 8 പേര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

ഇങ്ങനെ ജാമ്യം തേടി പുറത്തിറങ്ങിയവരെയാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ മാലയിട്ട് സ്വീകരിച്ചത്. ജാമ്യം ലഭിച്ച എട്ട് പേര്‍ നിരപരാധികളാണെന്നായിരുന്നു ജയന്ത് സിന്‍ഹയുടെ ന്യായീകരണം. ജയന്ത് സിന്‍ഹയുടെ പിതാവും മുന്‍ ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ ഉള്‍പ്പെടെയുള്ളവര്‍ ജയന്തിനെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചത്.

TAGS :

Next Story