Quantcast

മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകള്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്‍എച്ച്ആര്‍സിയുടെ നോട്ടീസ്

കടം തിരിച്ചടക്കാന്‍ സാധിക്കാത്തതും വിളനാശത്തെ തുടര്‍ന്നും മൂന്ന് മാസത്തിനുള്ളില്‍ 639 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തതെന്നാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    17 July 2018 7:52 AM GMT

മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകള്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്‍എച്ച്ആര്‍സിയുടെ നോട്ടീസ്
X

മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തിനുള്ളില്‍ 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. കര്‍ഷകര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ നിലവിലെ സാഹചര്യം എന്താണെന്ന് അറിയിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കടം തിരിച്ചടക്കാന്‍ സാധിക്കാത്തതും വിളനാശത്തെ തുടര്‍ന്നും മൂന്ന് മാസത്തിനുള്ളില്‍ 639 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തതെന്നാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്. ഇതിന് പിന്നാലെ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. നിലവില്‍ കര്‍ഷകര്‍ക്കായുള്ള പദ്ധതിയുടെ അവസ്ഥയെന്താണെന്നും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ എന്ത് സഹായമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച് വ്യാപക പരാതികളാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. നാലാഴ്ചക്കകം ഇത് സംബന്ധിച്ച് മറുപടി സര്‍ക്കാരുകള്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതില്‍ 174പേരുടെ കുടുംബത്തിന് മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുള്ളു. 122 പേരുടെ കുടുംബത്തിന് ധനസഹായത്തിന് അര്‍ഹതിയില്ലെന്നും 329 കേസുകള്‍ ഇപ്പോഴും അന്വേഷണത്തിലാണെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വാദം.

TAGS :

Next Story