മദര്‍ തെരേസ സ്ഥാപിച്ച മിഷനറി ഓഫ് ചാരിറ്റിയുടെ എല്ലാ ഓഫീസുകളിലും പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
മദര്‍ തെരേസ സ്ഥാപിച്ച മിഷനറി ഓഫ് ചാരിറ്റിയുടെ രാജ്യമെങ്ങുമുള്ള എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. അന്വേഷണം നടത്തുമെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു.
ജാര്‍ഖണ്ഡിലെ മിഷനറീസ് ഓഫ് ചാരിറ്റി കേന്ദ്രത്തില്‍ നിന്നും നിയമവിരുദ്ധമായി കുട്ടികളെ കൈമാറിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
അനധികൃതമായി കുഞ്ഞുങ്ങളെ ദത്ത് നല്‍കിയെന്ന കേസില്‍ മിഷനറി ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ കേന്ദ്രത്തില്‍ നിന്നും ഒരു കന്യാസ്ത്രീയെയും വനിതാ ജീവനക്കാരിയെയും ഈ മാസമാദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തില്‍ നേരത്തെയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്ന് കണ്ടെത്തിയ അന്വേഷണ സംഘം മിഷനറിയുടെ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിഷനറി ഓഫ് ചാരിറ്റിയുടെ രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്.
രാജ്യത്തെ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളുടെയും രജിസ്ട്രേഷന്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ദത്തെടുക്കല്‍ ഏജന്‍സിയായ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുമായി ഈ കേന്ദ്രങ്ങള്‍ ബന്ധിപ്പിക്കണമെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ രജിസ്‌ട്രേഷന്‍ ഉള്ളതും ഇല്ലാത്തതുമായ സ്ഥാപനങ്ങളില്‍ ഏകദേശം 2.3 ലക്ഷം കുട്ടികളാണുണ്ടെന്നാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍റെ കണക്കുകള്‍.
Adjust Story Font
16