Quantcast

മോദിയെ കെട്ടിപ്പിടിച്ച് രാഹുല്‍; അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നാടകീയരംഗങ്ങള്‍

MediaOne Logo

Web Desk

  • Published:

    20 July 2018 10:56 AM GMT

മോദിയെ കെട്ടിപ്പിടിച്ച് രാഹുല്‍; അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നാടകീയരംഗങ്ങള്‍
X

മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ നാടകീയരംഗങ്ങള്‍ക്കാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പ്രസംഗം. വാഗ്ദാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, പറയുന്ന വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകണമെന്നും രാഹുല്‍ തുറന്നടിച്ചു. എന്നാല്‍ രൂക്ഷമായ വിമര്‍ശന പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത രാഹുല്‍ എല്ലാവരെയും ഞെട്ടിച്ചു.

നിങ്ങള്‍ക്ക് ഞാന്‍‌ പപ്പു ആയിരിക്കും. പക്ഷേ എന്‍റെ ഉള്ളില്‍ ഇന്ത്യയാണെന്നും നിങ്ങളോട് യാതൊരു വെറുപ്പുമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. ശേഷം തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ രാഹുല്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടിത്തിനടുത്തേക്ക് പോയി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുകയായിരുന്നു. തികച്ചും അപ്രതീക്ഷതമായ ആലിംഗനം മോദിയെ പോലും ഞെട്ടിച്ചു.

സംഭവം സഭക്കുള്ളില്‍ വലിയ ചിരി പടര്‍ത്തുകയും കൌതുകമുണര്‍ത്തുകയും ചെയ്തു. രാഹുലിന്റെ ആലിംഗനത്തില്‍ ആദ്യമൊന്ന് അമ്പരന്ന പ്രധാനമന്ത്രി ഉടന്‍ രാഹുല്‍ ഗാന്ധിയെ തിരികെ വിളിച്ച് ഹസ്തദാനം നല്‍കി. ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ രാഹുല്‍, ഇതാണ് കോണ്‍ഗ്രസിന്റെ സംസ്കാരമെന്നും തനിക്ക് പ്രധാനമന്ത്രിയോട് വ്യക്തിപരമായി യാതൊരു എതിര്‍പ്പുമില്ലെന്നും വ്യക്തമാക്കി.

വളരെ ശക്തവും വ്യക്തവുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ ലോക്സഭാ പ്രസംഗം. ജനങ്ങളെ വഞ്ചിക്കുകയാണ് മോദി സര്‍ക്കാറെന്ന് രാഹുല്‍ തുറന്നടിച്ചു. 15 ലക്ഷം എല്ലാവരുടെയും അക്കൌണ്ടില്‍ വരുമെന്ന് പറഞ്ഞായിരുന്നു ആദ്യത്തെ പൊള്ള വാഗ്ദാനം. രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞ് അടുത്ത വാഗ്ദാനം. പ്രധാനമന്ത്രി പറയുന്ന വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകണം.

പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും റാഫേല്‍ ഇടപാടില്‍ രാജ്യത്തെ വഞ്ചിച്ചുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തന്റെ കണ്ണിലേക്ക് നോക്കാന്‍ പോലും പ്രധാനമന്ത്രിക്ക് ഭയമാണ്. റാഫേല്‍ ഇടപാടില്‍ ഇന്ത്യുയുമായി ഒരു രഹസ്യകരാറും ഉണ്ടാക്കിയിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് തന്നോട് പറഞ്ഞതും രാഹുല്‍ ലോക്സഭയില്‍ തുറന്നുപറഞ്ഞു.

മോദിക്ക് പല വന്‍കിട വ്യവസായികളുമായി ബന്ധമുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വ്യവസായി-മോദി ബന്ധം ജനങ്ങള്‍ക്കറിയാമെന്നും രാഹുല്‍ പറഞ്ഞു. കര്‍ഷകരോട് വലിയ ക്രൂരതയാണ് ഈ സര്‍ക്കാര്‍ കാണിക്കുന്നത്. കര്‍ഷക കടം എഴുതിത്തള്ളാന്‍ സര്‍ക്കാറിന് ധൈര്യമില്ല. സാധാരണക്കാര്‍ക്ക് ഭാരമുണ്ടാക്കി എണ്ണവില ഇന്ത്യയില്‍ കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ വില കൂടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപിയോടും ആര്‍എസ്എസിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടവനാണ് താനെന്നും, അവരാണ് തനിക്ക് കോണ്‍ഗ്രസ്സിന്‍റെ മൂല്യം മനസ്സിലാക്കി തന്നതെന്നും രാഹുല്‍ തന്റെ പരിഹസിച്ചു.

തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഇതിനെല്ലാം എതിരെ ബിജെപിയുടെ പ്രതിരോധം.

TAGS :

Next Story