പ്രധാനമന്ത്രിപദവി കോണ്‍ഗ്രസിന് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് രാഹുല്‍
മമതാബാനര്‍ജിക്കോ മായാവതിക്കോ പ്രധാനമന്ത്രിപദം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും രാഹുല്‍ഗാന്ധി
പ്രധാനമന്ത്രിപദവി കോണ്‍ഗ്രസിന് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷനേതാക്കള്‍ക്ക് പ്രധാനമന്ത്രി പദവി നല്‍കുന്നതില്‍ എതിര്‍പ്പില്ല. സര്‍ക്കാര്‍ രൂപീകരണത്തിന് മായാവതിയേയോ മമതബാനര്‍ജിയേയോ പിന്തുണക്കാമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് ഒരുങ്ങുന്നുവെന്ന സൂചനയാണ് രാഹുലിന്റെ വാക്കുകള്‍ നല്‍കുന്നത്. പ്രതിപക്ഷ നേതാക്കളില്‍ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പിന്തുണയ്ക്കും. കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ ലഭിക്കാതെ വരികയാണെങ്കിൽ പാര്‍ട്ടിക്കു പുറത്തുനിന്നുള്ള നേതാക്കളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകും. സംഘപരിവാര്‍ വിരുദ്ധ നേതാക്കളെന്ന നിലയില്‍ മമതാ ബാനര്‍ജി, മായാവതി എന്നിവര്‍ പ്രധാനമന്ത്രി ആകുന്നതില്‍ പാര്‍ട്ടിക്ക് വിയോജിപ്പില്ല. ബിജെപിയെയും ആര്‍.എസ്.എസിനെയും പരാജയപ്പെടുത്തുന്ന ആരെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെയോ ബി.എസ്.പി നേതാവ് മായാവതിയെയോ പിന്തുണക്കുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉത്തര്‍ പ്രദേശിലും ബീഹാറിലും വിജയം നേടുന്നതിലൂടെ ലോക്‌സഭയിലെ 22 ശതമാനം സീറ്റുകളും കരസ്ഥമാക്കുകയാണ് 2019 തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രധാന അജണ്ടകളിലൊന്നെന്നും രാഹുല്‍ പറഞ്ഞു. ഇതിനായി ഉത്തര്‍ പ്രദേശിലും ബിഹാറിലും സഖ്യം രൂപവത്കരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16