Quantcast

കനത്ത മഴ, വെള്ളക്കെട്ട്; ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് കുടുംബാംഗങ്ങള്‍ തോളിലേറ്റി

നോയിഡ അടക്കമുള്ള സ്ഥലങ്ങളില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡില്‍ വാഹനം പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരെ കാണാതായി

MediaOne Logo

Web Desk

  • Published:

    26 July 2018 8:10 AM GMT

കനത്ത മഴ, വെള്ളക്കെട്ട്; ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് കുടുംബാംഗങ്ങള്‍ തോളിലേറ്റി
X

ഉത്തരേന്ത്യയില്‍ കനത്തമഴ. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ‌‌നോയിഡ അടക്കമുള്ള സ്ഥലങ്ങളില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡില്‍ വാഹനം പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരെ കാണാതായി. ഉത്തര്‍പ്രദേശ് ഹരിയാന അടക്കമുള്ളിടങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്ന ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. നോയിഡ, ഗാസിയാബാദ്, മയൂര്‍വിഹാര്‍ ഫേസ് 3 അടക്കമുള്ളിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മഴയില്‍ ഗാസിയാബാദിലെ വസുന്ധരയില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്നും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴയില്‍ ഗ്രെയിറ്റര്‍ നോയിഡയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു. കെട്ടിട അവശിഷ്ടത്തിനിടയില്‍ മൂന്ന് പേര്‍ കുടുങ്ങിയെങ്കിലും ഇവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ഉത്തരാഖണ്ഡില്‍ വാഹനം പുഴയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക് പറ്റുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. സ്ഥലത്ത് പോലീസിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയാണ്. വരും മണിക്കൂറുകളില്‍ ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മധ്യപ്രദേശില്‍ ഗര്‍ഭിണിയായ സ്ത്രീയെ കുടുംബത്തിന് ചുമന്ന് ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നത് വിവാദമായി. വെള്ളക്കെട്ട് നിറഞ്ഞ നിരത്തുകളിലൂടെ ആംബുലന്‍സിന് വരാന്‍ കഴിയാതെയായതോടെയാണ് കുടുംബത്തിന് ഇത്തരത്തില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നത്.

TAGS :

Next Story