Quantcast

അസം പൌരത്വം: 40 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്ത്; പൌരത്വം തെളിയിച്ചത് 2.89 കോടി ജനങ്ങള്‍

3.29 കോടി ജനങ്ങളില്‍ 2.89,83,677 പേര്‍ പൌരത്വം തെളിയിച്ചു. ഉടനെ നാടുകടത്തല്‍ നടപടികളുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. രജിസ്റ്ററില്‍നിന്ന് പുറത്താകുന്നവര്‍ക്ക് ആഗസ്റ്റ് 30 വരെ പരാതിയറിയിക്കാം.

MediaOne Logo

Web Desk

  • Published:

    30 July 2018 7:30 AM GMT

അസം പൌരത്വം: 40 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്ത്; പൌരത്വം തെളിയിച്ചത് 2.89 കോടി ജനങ്ങള്‍
X

അസമില്‍ 40 ലക്ഷത്തിലധികം പേര്‍ നിര്‍‌ണായക കരട് പൌരത്വ രജിസ്റ്ററില്‍ നിന്നും പുറത്ത്. മൂന്ന് കോടി ഇരുപത്തി ഒന്‍പത് ലക്ഷം അപേക്ഷകരില്‍ രണ്ട് കോടി എണ്‍പത്തി ഒന്‍പത് ലക്ഷം പേര്‍ പൌരത്വം തെളിയിച്ചു. രേഖയില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതികളറിയിക്കാന്‍ ഒരു മാസം സമയം അനുവദിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി .

ഏറെ വിമര്‍‌ശങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച അസം പൌരത്വ രജിസ്റ്ററിന്‍‌റെ രണ്ടാമത്തെയും അവസാനത്തെയും കരടാണ് ഇന്ന് പ്രസിന്ധീകരിച്ചത്. ആകെ അപേക്ഷകര്‍ 3.29,91,384 പേര്‍. ഇതില്‍ 2,89,83,677 കോടി പേര്‍ ഇതിനോടകം പൌരത്വം തെളിയിച്ച് അന്തിമ കരടില്‍ ഇടം നേടി. എന്നാല്‍ 40,007,707 പേര്‍ക്ക് ഇനിയും പൌരത്വം തെളിയിക്കാനായിട്ടില്ല. ഇവര്‍ക്ക് ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 28 വരെ പരാതികള്‍ അറിയിക്കാന്‍ സമയമുണ്ടെന്ന് കേന്ദ്ര രജിസ്ട്രാര്‍‌ ജനറല്‍ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആദ്യ കരട് പൌരത്വ രജിസ്റ്ററില്‍ 1.9 കോടി ജനങ്ങള്‍ മാത്രമണ് ഇടം നേടിയിരുന്നത്. ഇന്ന് പ്രസിദ്ധീകരിച്ച രണ്ടാം കരടില്‍ 99 ലക്ഷം പേര്‍ക്ക് കൂടി അധികമായി ഇടം ലഭിച്ചെന്ന് കണക്കുകള്‍ വ്യക്കതമാക്കുന്നു. 1951 ന്​ ശേഷം അസമില്‍ ആദ്യമായി നടക്കുന്ന പൗരത്വം രജിസ്ട്രേഷന്‍ നടപടിയാണിത്.

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനാണെന്നാണ് കേന്ദ്ര വിശദീകരണം. എന്നാല്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ സൈനിക വിഭാഗങ്ങളെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇതുവരെയും പൌരത്വം തെളിയിക്കാനാകാത്തവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാരും രജിസ്ട്രാറും വ്യക്തമാക്കി.

ജൂണ്‍ 30 ആയിരുന്നു പൌരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുവദിച്ചിരുന്ന അവസാന തീയതി. എന്നാല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത് ഒരുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ചൊല്ലി പ്രതിഷേധങ്ങള്‍ ഉടലെടുത്തതോടെയാണ് അസമില്‍ പൌരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൌരത്വ രജിസ്ട്രേഷന്‍ പട്ടിക ബാധിക്കുക.

TAGS :

Next Story