അസം പൌരത്വ പട്ടിക ഇന്ന് പുറത്തിറങ്ങും; ഒന്നര ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്തെന്ന് സൂചന
കരട് പട്ടികയില്‍ പേരില്ലാത്തവരുടെ പൌരത്വം റദ്ദാക്കപ്പെടുമെന്നത് ഊഹാപോഹം മാത്രമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍; പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി
അസമിലെ ദേശീയ പൌരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ ഇന്ന് പുറത്തിറക്കും. ഒന്നര ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്നും പുറത്തായേക്കുമെന്നാണ് സൂചന. പൗരത്വം തെളിയിക്കാന്‍ അസമിലെ ജനങ്ങള്‍ക്ക് കൃത്യമായ അവസരം ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 31 ന് അര്‍ധരാത്രിയാണ് അസമിലെ ദേശീയ പൌരത്വ രജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടിരുന്നത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. അവശേഷിക്കുന്ന ഒന്നരക്കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ കരട് പട്ടിക. 50,000 ത്തോളം സ്ത്രീകള്‍ ഉള്‍പ്പടെ 1.5 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൌരത്വം തെളിയിക്കാന്‍ ജനങ്ങള്‍ക്ക് കൃത്യമായ അവസരം ലഭിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.
അതിനിടെ പൌരത്വ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണമായി. 22,000 പാരാമിലിട്ടറി ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അസമിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ജൂണ്‍ 30 ആയിരുന്നു പൌരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുവദിച്ചിരുന്ന അവസാന തീയതി. എന്നാല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത് ഒരുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.
ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ചൊല്ലി പ്രതിഷേധങ്ങള്‍ ഉടലെടുത്തതോടെയാണ് അസമില്‍ പൌരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൌരത്വ രജിസ്ട്രേഷന്‍ പട്ടിക ബാധിക്കുക.
Adjust Story Font
16