Quantcast

പശുക്കടത്തുക്കാരെ രണ്ടോ, നാലോ അടി കൊടുത്ത്, മരത്തില്‍ കെട്ടിയിട്ട ശേഷം പൊലീസിനെ അറിയിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

പ്രസ്താവന വിവാദമായപ്പോള്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അഹുജ പറഞ്ഞു

MediaOne Logo

കെ.എ ബീന

  • Published:

    31 July 2018 5:37 AM GMT

പശുക്കടത്തുക്കാരെ രണ്ടോ, നാലോ അടി കൊടുത്ത്, മരത്തില്‍ കെട്ടിയിട്ട ശേഷം പൊലീസിനെ അറിയിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ
X

അള്‍വാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹുജ. പശുക്കടത്തുകാരെ കണ്ടാല്‍ ഉടനെ രണ്ടോ, നാലോ അടി കൊടുത്ത് മരത്തില്‍ കെട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ലാലവാണ്ടി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്താവന വിവാദമായപ്പോള്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അഹുജ പറഞ്ഞു. പശുക്കടത്തുകാരെ തുടര്‍ച്ചയായി ഉപദ്രവിക്കാതെ രണ്ടോ മൂന്നോ അടി കൊടുക്കണം. അവര്‍ രക്ഷപ്പെടാതിരിക്കാനാണ് അവരെ കെട്ടിയിടണമെന്ന് പറഞ്ഞത്. പൊലീസിനെ വിവരമറിയിച്ചാല്‍ അവര്‍ വന്ന് നിയമനടപടികള്‍ കൈക്കൊള്ളും. അല്ലാതെ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുത്..അഹുജ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അള്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി രക്ബര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും അഹുജ അറിയിച്ചു.

ജൂലൈ 20നാണ് അള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് രക്ബര്‍ ഖാനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അഹുജയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. വിവാദങ്ങളുടെ സ്ഥിരം തോഴനാണ് ഗ്യാന്‍ ദേവ് അഹുജ. പശുക്കളെ കടത്തിയാലോ അറുത്താലോ കൊല്ലപ്പെടുമെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം പറഞ്ഞിരുന്നു. പശുക്കള്‍ തങ്ങളുടെ മാതാവാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ലോകത്തിലെ ആദ്യത്തെ ആദിവാസി ഹനുമാനാണെന്ന വാദവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.

2016ല്‍ ജെ.എന്‍.യു വിദ്യാര്‍ഥികളെ അധിക്ഷേപിച്ചുകൊണ്ടുള്ള അഹുജയുടെ പ്രസ്താവനയും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജെഎന്‍യു കാമ്പസില്‍ ദിവസവും രാത്രി എട്ടുമണി കഴിഞ്ഞാല്‍ നഗ്നനൃത്തമാണെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വതന്ത്ര രതിയാണെന്നും ദിവസവും മൂവായിരം കോണ്ടങ്ങളാണ് കാമ്പസില്‍ ഉപയോഗിക്കുന്നതെന്നുമായിരുന്നു അഹുജയുടെ കണ്ടെത്തല്‍.

TAGS :

Next Story