Quantcast

സംവരണ പ്രക്ഷോഭം ശക്തമാക്കാന്‍ മറാത്ത സംഘടനകള്‍; ഇന്ന് ജയില്‍ നിറക്കല്‍ സമരം

വിദ്യാഭ്യാസമേഖലയിലും സര്‍ക്കാര്‍ ജോലികളിലും മറാത്തവിഭാഗക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്കാണ് കടക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 Aug 2018 4:44 AM GMT

സംവരണ പ്രക്ഷോഭം ശക്തമാക്കാന്‍ മറാത്ത സംഘടനകള്‍; ഇന്ന് ജയില്‍ നിറക്കല്‍ സമരം
X

മറാത്താ വിഭാഗക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ടുള്ള സമരം വീണ്ടും ശക്തമാകുന്നു. മറാത്താക്രാന്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ ഇന്ന് ജയില്‍ നിറക്കല്‍ സമരം നടക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നടത്തിയ അനുനയശ്രമങ്ങള്‍ പൂര്‍ണ്ണമായി വിജയിക്കാഞ്ഞതോടെയാണ് മറാത്തസംഘടനകള്‍ രണ്ടാംഘട്ട സമരം ആരംഭിച്ചത്.

വിദ്യാഭ്യാസമേഖലയിലും സര്‍ക്കാര്‍ ജോലികളിലും മറാത്തവിഭാഗക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്കാണ് കടക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സര്‍വകക്ഷിയോഗം വിളിക്കുകയും മറാത്ത നേതാക്കാന്‍മാരോട് ചര്‍ച്ച നടത്തുകയും ചെയ്തിട്ടും സമരം അവസാനിപ്പിക്കാനായില്ല. ചില വിട്ടുവീഴ്ചകള്‍ സര്‍ക്കാര്‍ ചെയ്യാമെന്ന് അറിയിച്ചെങ്കിലും അത് ഉത്തരവുകള്‍ ആയി ഇറങ്ങിയിട്ടില്ലെന്നതാണ് മറാത്ത ക്രാന്തി മോര്‍ച്ച ചൂണ്ടിക്കാണിക്കുന്നത്. സംവരണ ആവശ്യത്തോടൊപ്പം സമരക്കാര്‍ക്ക് എതിരായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നതും വായ്പ എഴുതിതള്ളുന്നത് അടക്കമുള്ള ആവശ്യങ്ങളും രണ്ടാംഘട്ട സമരത്തില്‍ മറാത്തസംഘടന ആവശ്യപ്പെടുന്നുണ്ട്. സമരക്കാരില്‍ അഞ്ച് പേരാണ് ഇത് വരെയായി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്തത്. പ്രക്ഷോഭത്തില്‍ പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ന് വലിയ സുരക്ഷയാണ് മഹാരാഷ്ട്രയില്‍ ഒരുക്കിയിരിക്കുന്നത്.

വിഷയത്തില്‍ സര്‍ക്കാരിനോട് അടിയന്തരമായി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍സിപിയും കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് 9 ന് മറാത്ത സംഘടനകള്‍ മെഗാ റാലിയും മഹാരാഷട്രയില്‍ നടത്തുന്നുണ്ട്.

TAGS :

Next Story