ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം വൈകിപ്പിക്കാന്‍ കേന്ദ്രനീക്കം
കേരളത്തില്‍ നിന്ന് തന്നെയുള്ള മറ്റൊരു ജഡ്ജി സുപ്രീംകോടതിയില്‍ ഉള്ളതതടക്കമുള്ള കാരണങ്ങളാണ് ശിപാര്‍ശ മടക്കാന്‍ കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജി ആയി നിയമിക്കുന്നത് വൈകിപ്പിക്കാന്‍ കേന്ദ്രനീക്കം. നിയമനത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ കൊളീജീയം ഒടുവില്‍ ശിപാര്‍ശ ചെയ്ത ജസ്റ്റിസ്മാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതില്‍ സര്‍ക്കാര്‍ അടുത്തയാഴ്ച തീരുമാനമെടുത്തേക്കും.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജിയേയും ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായ വിനീത് ശരണിനെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതില്‍ അനുകൂല തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്ത ജസ്റ്റിസ് കെ എം ജോസഫിന്‍റെ കാര്യത്തില്‍ നിയമനം വൈകിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം.
ജനുവരിയിലാണ് കൊളീജിയം ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ കെ എം ജോസഫിന്‍റെ പേര് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ ശിപാര്‍ശ നല്‍കിയത്. എന്നാല്‍ ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രാലയം ശിപാര്‍ശ മടക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് തന്നെയുള്ള മറ്റൊരു ജഡ്ജി സുപ്രീംകോടതിയില്‍ ഉള്ളതതടക്കമുള്ള കാരണങ്ങളാണ് ശിപാര്‍ശ മടക്കാന്‍ കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ പിന്നീട് കൊളീജിയം വീണ്ടും കെ എം ജോസഫിന്‍റെ പേര് ശിപാര്‍ശ ചെയ്തു. ജൂലൈ 16 നാണ് ജസ്റ്റിസ് കെഎം ജോസഫിന്‍റെയും മറ്റ് രണ്ട് പേരുടെയും പേരുകള്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്. രണ്ട് തവണ കൊളീജിയം ശിപാര്‍ശ ചെയ്ത സാഹചര്യത്തില്‍ ഒരു തീരുമാനവും കൈക്കൊള്ളാതെ നിയമനം വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനിത് ശരണ്‍ എന്നിവരുടെ നിയമനത്തിന്‍റെ ഫയല്‍ നിയമമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചതായാണ് സൂചന. വിഷയത്തില്‍ ഇന്നലെ കേരളഎംപിമാരും മല്ലികാര്‍ജുന്‍ ഗാര്‍ഗെ അടക്കമുള്ളവരും പാര്‍ലമെന്‍റില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരേ ഭാഷ സംസാരിക്കുന്ന ജഡ്ജിമാര്‍ സുപീംകോടതിയില്‍ ജഡ്ജിമാരായി ഇരിക്കുന്നത് തെറ്റാണോയെന്നായിരുന്നു സമ്പത്ത് എം പിയുടെ പ്രതികരണം
Adjust Story Font
16