ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും
മാസങ്ങള്‍ നീണ്ട എതിര്‍പ്പിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ കെ.എം ജോസഫിന്റെ നിയമനശിപാര്‍ശ അംഗീകരിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എട്ട് മാസം നീണ്ട എതിര്‍പ്പിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ കെ.എം ജോസഫിന്റെ നിയമന ശിപാര്‍ശ അംഗീകരിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും സുപ്രീംകോടതി ജഡ്ജിമാരാകും.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ ജനുവരിയിലാണ് കൊളീജിയം ആദ്യമായി ശിപാര്‍ശ ചെയ്തത്. എന്നാല്‍ ജോസഫിനൊപ്പമുണ്ടായിരുന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര അടക്കമുള്ളവരുടെ നിയമനക്കാര്യം കേന്ദ്രം പിന്നീട് അംഗീകരിച്ചു. ഏപ്രില്‍ മാസത്തില്‍ ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രം കൊളീജിയത്തിന് തന്നെ മടക്കി അയച്ചു. ജോസഫിനെക്കാള്‍ മുതിര്‍ന്ന ജഡ്ജിമാരുണ്ട്, സുപ്രീം കോടതിയില്‍ കേരള ഹൈക്കോടതിയുടെ പ്രാതിനിധ്യം വര്‍ധിക്കും തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ ഇവയൊന്നും അംഗീകരിക്കാനാകുന്നതല്ലെന്ന് വിലയിരുത്തി ജസ്റ്റിസ് ജോഫിന്റെ കാര്യത്തില്‍ കൊളീജിയം ഉറച്ച് നിന്നു.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, മഥന്‍ ബി ലോകുര്‍, കുര്യന്‍, ജോസഫ്, എകെ സിക്രി എന്നിവരുള്‍പ്പെട്ട കൊളീജിയം കഴിഞ്ഞ മാസം ഈ നിയമന ശിപാര്‍ശ വീണ്ടും കേന്ദ്രത്തിലേക്ക് തന്നെ മടക്കി. മറ്റു ജഡ്ജിമാരുടെ നിയമന ശിപാര്‍ശകളോടൊപ്പമായിരുന്നുവെങ്കിലും കെഎം ജോസഫിന്റേത് പ്രത്യേകം ഫയലായാണ് അയച്ചിരുന്നത്. ഇതോടെ കേന്ദ്ര നിയമമന്ത്രാലയം വഴങ്ങുകയായിരുന്നു.
ജുഡീഷ്യറിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ മാസങ്ങളായി തുടരുന്ന പോരിന് കൂടിയാണ് ഇവിടെ താല്‍കാലിക വിരാമമാകുന്നത്. വിരമിച്ച ജഡ്ജി ജെ ചലമേശ്വര്‍ അടക്കമുള്ളവര്‍ കേന്ദ്രത്തിനും ചീഫ് ജസ്റ്റിസിനുമെതിരെ വിഷയത്തില്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ വിധി പ്രസ്താവിച്ചത് കാരണമാണ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാതിരിക്കുന്നത് എന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തിയിരുന്നു.
Adjust Story Font
16