ജസ്റ്റിസ് കെ.എം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കി; കേന്ദ്രത്തിനെതിരെ പ്രതിഷേധം
സുപ്രിംകോടതിയിലെ ജഡ്ജിമാര്‍ നാളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ട് പ്രതിഷേധമറിയിക്കും.
ജസ്റ്റിസ് കെ.എം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം. സുപ്രിംകോടതിയിലെ ജഡ്ജിമാര്‍ നാളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ട് പ്രതിഷേധമറിയിക്കും. ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ജഡ്ജിമാരില്‍ കെ.എം ജോസഫിന് അവസാന സ്ഥാനം നല്‍കി ഉത്തരവിറക്കിയതാണ് പ്രതിഷേധത്തിന് കാരണം.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശിപാര്‍ശ, എട്ട് മാസത്തെ എതിര്‍പ്പിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ചയാണ് അംഗീകരിച്ചത്. എന്നാല്‍ നിയമന ഉത്തരവില്‍ കെ.എം ജോസഫിന് അര്‍ഹിക്കുന്ന സീനിയോറിറ്റി നല്‍കിയില്ലെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച കെ.എം ജോസഫിനൊപ്പം സുപ്രിംകോടതിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന ജസ്റ്റിസ്മാരായ ഇന്ദിരാ ബാനര്‍ജിയുടെയും വിനീത് സരണിന്റെയും പേരുകളാണ് ഉത്തരവില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
കെ.എം ജോസഫിന്റെ പേര് ജനുവരി പത്തിനാണ് കൊളീജിയം ആദ്യം കേന്ദ്രത്തിന് അയച്ചത്. ഇന്ദിരാ ബാനര്‍ജിയുടെയും വിനീത് സരണിന്റെയും പേരുകൾ അയച്ചത് ജൂലൈ 16നും. ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്ര നടപടി നീതികേടും കൊളീജിയം തീരുമാനത്തിന് എതിരുമാണെന്നാണ് സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കമുള്ളവരുടെ വിലയിരുത്തല്‍. ജഡ്ജിമാര്‍ക്കിടയിലെ ഈ പൊതുവികാരം നാളെ ചീഫ് ജസ്റ്റിസിനെ അറിയിക്കും. ജുഡീഷ്യറിയുടെ അന്തസിന് ഇടിവുണ്ടാക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരം ഇടപെടലുകള്‍ അനുവദിക്കരുതെന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും.
Adjust Story Font
16