കരുണാനിധിയുടെ മരണത്തിലും രാഷ്ട്രീയം കളിച്ച് എഡിഎംകെ
മുഖ്യമന്ത്രി ആയിരിക്കെ മരിച്ചവര്‍ക്ക് മാത്രമാണ് മറീനയില്‍ സമാധിയുള്ളതെന്നും ഇതാണ് സര്‍ക്കാര്‍ നയമെന്നും എഡിഎംകെ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഡിഎംകെ അണികളുടെ വികാരവും അക്രമസാധ്യതയും
ദ്രാവിഡ രാഷ്ട്രീയം ജീവിതമാക്കിയ എം.കരുണാനിധി, മരണശേഷവും അണ്ണാ ഡിഎംകെയ്ക്ക് അനഭിമതനാണ്. മറീനയില്‍ സംസ്‌കരിക്കുന്നത് തടയാന്‍, സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തെളിയിക്കുന്നത് ഇതു തന്നെ. കോടതി ഉത്തരവ് മറിച്ചായിരുന്നെങ്കില്‍ തമിഴകം ഒരു കലാപഭൂമിയായി ഇതിനകം മാറുമായിരുന്നു.
കരുണാനിധിയുടെ അന്ത്യാഭിലാഷം പോലും രാഷ്ട്രീയ ലാഭമാക്കി മാറ്റാനുള്ള ശ്രമമാണ് അണ്ണാ ഡിഎംകെ നടത്തിയത്. അന്‍പത് കോടി രൂപ മുതല്‍ മുടക്കില്‍ ജയലളിതയ്ക്ക് സ്മാരകം നിര്‍മിക്കുന്നതിനെതിരെ ഡിഎംകെ നല്‍കിയ പരാതികള്‍ ഒറ്റ രാത്രി കൊണ്ട് പിന്‍വലിപ്പിച്ചതോടെ പരിധി വരെ സര്‍ക്കാര്‍ അതില്‍ വിജയിക്കുകയും ചെയ്തു. തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള സ്മാരകത്തിന്റെ നിര്‍മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനുവരിയിലാണ് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ പാട്ടാളി മക്കള്‍ കക്ഷിയും സാമൂഹിക പ്രവര്‍ത്തകന്‍ ട്രാഫിക്ക് രാമസ്വാമിയും കേസ് നല്‍കി. കരുണാനിധിയ്ക്ക് മറീനയില്‍ അണ്ണാ സമാധിയ്ക്ക് സമീപത്തായി അന്ത്യവിശ്രമം ഒരുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത് ഇക്കാരണം കൊണ്ടാണ്.
കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്ഥലം അനുവദിക്കാന്‍ സാധിക്കില്ലെന്ന് എം കെ. സ്റ്റാലിനെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. രാത്രിയില്‍ തന്നെ കോടതിയെ സമീപിച്ച ഡിഎംകെ, നിര്‍മാണ പ്രവര്‍ത്തികള്‍ സംബന്ധിച്ച കേസുകള്‍ പിന്‍വലിച്ചു. കേസുമായി മുന്‍പോട്ട് പോകുമെന്ന് ഗ്രാഫിക് രാമസ്വാമി പ്രഖ്യാപിച്ചെങ്കിലും പരാതികള്‍ കോടതി തള്ളി. ഇതോടെ ജയ സ്മാരക നിര്‍മാണവുമായി മുമ്പോട്ടു പോകാന്‍ സര്‍ക്കാറിന് സാധ്യതയായി. വിചാരിച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പായിട്ടും കരുണാനിധിയെ വെറുതെ വിടാന്‍ അണ്ണാ ഡിഎംകെ തയാറായില്ല.
മുഖ്യമന്ത്രി ആയിരിക്കെ മരിച്ചവര്‍ക്ക് മാത്രമാണ് മറീനയില്‍ സമാധിയുള്ളതെന്നും ഇതാണ് സര്‍ക്കാര്‍ നയമെന്നും എഡിഎംകെ കോടതിയില്‍ വാദിച്ചു. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ മുന്‍ മുഖ്യമന്ത്രി ജാനകി രാമചന്ദ്രന്റെ സംസ്‌കാരത്തിന് മറീനയില്‍ സ്ഥലം നല്‍കിയിരുന്നില്ല എന്ന വാദവും സര്‍ക്കാര്‍ കോടതിയില്‍ മുന്നോട്ടുവച്ചു. കരുണാനിധിയുടെ മൃതദേഹം അവിടെ സംസ്‌കരിച്ചാല്‍ പേട്ടോക്കോള്‍ ലംഘനമാകും എന്നു വരെ സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഡിഎംകെ അണികളുടെ വികാരവും അക്രമസംഭവങ്ങളുടെ സാധ്യതയും കരുണാനിധിയെന്ന ഭരണകര്‍ത്താവിനോടുള്ള ബഹുമാനവും കൂടി മാനിച്ചുകൊണ്ടാണ് ഹൈകോടതി ഡിഎംകെയ്ക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്. അതിനിടയില്‍ തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്കും ഈ ശ്രമങ്ങളില്‍ പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്.
Adjust Story Font
16