Quantcast

500 ആഡംബര കാറുകള്‍ മോഷ്ടിച്ച സംഘം പിടിയില്‍

ഹൈദരാബാദില്‍ നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതി. പിടിയിലാകാതിരിക്കുന്നതിന് മോഷണശേഷമുള്ള മടക്കയാത്രയും ഇവര്‍ വിമാനത്തിലാണ് നടത്തിയിരുന്നത്.

MediaOne Logo

Web Desk

  • Published:

    11 Aug 2018 10:38 AM GMT

500 ആഡംബര കാറുകള്‍ മോഷ്ടിച്ച സംഘം പിടിയില്‍
X

500 ആഡംബര കാറുകള്‍ മോഷ്ടിച്ച സംഘത്തലവന്‍ സഫ്രുദീന്‍(29) ഡല്‍ഹി പൊലീസിന്റെ പിടിയില്‍. ഡല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇയാള്‍ മോഷണങ്ങളെല്ലാം നടത്തിയത്. ഉത്തരഡല്‍ഹിയില്‍ താമസിച്ചിരുന്ന ഇയാളെപറ്റി വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം നല്‍കിയിരുന്നു.

ഹൈദരാബാദില്‍ നിന്നുള്ളവരാണ് സഫ്രുദീന്റെ സംഘാംഗങ്ങളെല്ലാവരും. ഹൈദരാബാദില്‍ നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതി. പിടിയിലാകാതിരിക്കുന്നതിന് മോഷണശേഷമുള്ള മടക്കയാത്രയും ഇവര്‍ വിമാനത്തിലാണ് നടത്തിയിരുന്നത്. കാറുകളിലെ ജിപിഎസും സെന്‍ട്രലൈസ്ഡ് ലോക്കിംങ് സിസ്റ്റവും തകര്‍ക്കുന്നതിന് ഇവര്‍ ലാപ്‌ടോപും മറ്റ് ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു.

ആഗസ്ത് മൂന്നിന് പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കബളിപ്പിച്ച് ഒരു ആഡംബര കാര്‍ നിര്‍ത്താതെ പോയതോടെയാണ് സംഘം കുരുക്കിലാകുന്നത്. ഈ കാറിന്റെ ഡ്രൈവര്‍ സഫ്രുദീനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സഫ്രുദീനെ പിന്നീട് 50 കിലോമീറ്റര്‍ അകലെവെച്ച് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഒരുവര്‍ഷം 100 ആഡംബര കാറുകള്‍ മോഷ്ടിക്കുകയായിരുന്നു തങ്ങള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പിന്നീട് പൊലീസിനോട് സഫ്രുദീന്‍ സമ്മതിച്ചു.

നേരത്തെയും സഫ്രുദീന്റെ സംഘം ഡല്‍ഹി പൊലീസുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ജൂണ്‍ അഞ്ചിന് വിവേക് വിഹാറില്‍ വെച്ച് ഇവരെ തടഞ്ഞ പൊലീസിന് നേരെ സംഘം വെടിവെച്ചിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നൂര്‍ മുഹമ്മദ് എന്ന സഫ്രുദീന്റെ സംഘാംഗം കൊല്ലപ്പെട്ടിരുന്നു. രവി കുല്‍ദീപ് എന്നയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ ആദ്യമായാണ് സഫ്രൂദീന്‍ പൊലീസിന്റെ പിടിയിലാകുന്നത്.

മോഷ്ടിക്കുന്ന കാറുകള്‍ പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇവര്‍ വിറ്റിരുന്നത്.

TAGS :

Next Story