അമിത് ഷാക്കും മകനുമെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്
. മകന്‍ ജയ്ഷായുടെ കമ്പനിക്കായി അമിത് ഷായുടെ പേരിലുള്ള ഭൂമി ഈട് വെച്ച് വായ്പ സ്വന്തമാക്കിയത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തില്‍ ഒളിപ്പിച്ചുവെച്ചെന്നാണ് ആരോപണം
അമിത്ഷാക്കും മകനുമെതിരായ പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. വിഷയത്തില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. മകന്‍ ജയ്ഷായുടെ കമ്പനിക്കായി അമിത് ഷായുടെ പേരിലുള്ള ഭൂമി ഈട് വെച്ച് വായ്പ സ്വന്തമാക്കിയത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തില്‍ ഒളിപ്പിച്ചുവെച്ചെന്നാണ് ആരോപണം.
മകന്‍റെ പേരിലുള്ള വസ്തു പണയപ്പെടുത്തി വായ്പയെടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും മറച്ചുവെച്ച അമിത്ഷായുടെ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ആസ്തികളും ബാധ്യതകളും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം.
എന്നാല്‍ മകന്‍ ജയ്ഷായുടെ കുസും ഫിന്‍സെര്‍വ് കമ്പനിയുടെ നടത്തിപ്പിനായി സ്വന്തം പേരിലുള്ള സ്ഥലം ഈട് വെച്ച് വായ്പ വാങ്ങിയത് രാജ്യസഭാ അംഗമായ സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ അമിത് ഷാ മറച്ചുവെച്ചെന്നാണ് ആരോപണം. ഇത് ചട്ടലംഘനമായതിനാല്‍ വിഷയം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
ആരോപണം ശരിയാണെന്ന് കമ്മീഷന്‍ കണ്ടെത്തിയാല്‍ അമിത്ഷായുടെ രാജ്യസഭാ അംഗത്വം നഷ്ടമാകും. കുസും കമ്പനി നടത്തിയ സാമ്പത്തിക ക്രമക്കേടും ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് നീക്കം. അനുഭവ സമ്പത്തില്ലാത്ത കമ്പനിക്ക് ഊര്‍ജ മന്ത്രാലയത്തില്‍ നിന്നും പണം നല്‍കിയതെങ്ങനെയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
Adjust Story Font
16