Quantcast

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കില്‍

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 69.62 രൂപയാണ് രൂപയുടെ വിനിമയ മൂല്യം

MediaOne Logo

Web Desk

  • Published:

    13 Aug 2018 7:23 AM GMT

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കില്‍
X

രൂപയുടെ മൂല്യം എക്കാലത്തെ താഴ്ന്ന നിരക്കിലേക്കെത്തി. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 69.62 രൂപയാണ് രൂപയുടെ വിനിമയ മൂല്യം. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ ഏഴുപത്തിയെട്ട് പൈസയുടെ ഇടിവാണ് ഉണ്ടായത്. തൂര്‍ക്കിയിലെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി ആഗോള ഓഹരി വിപണിയിലുണ്ടാക്കിയ ഇടിവിന്റെ പ്രതിഫലനമാണ് രൂപക്കും സംഭവിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

വെള്ളിയാഴ്ച വിപണി വാരാന്ത്യ അവധിക്കായി പിരിയുമ്പോള്‍ രൂപയുടെ വിനിമയ മൂല്യം ഡോളറിന് 68.84 രൂപയായിരുന്നു. ഇന്ന് വ്യാപാരം പുനരാരംഭിച്ചപ്പോള്‍ തന്നെ ഇത് ഒറ്റയടിക്ക് 69.52ലേക്കും തൊട്ട് പിന്നാലെ 69.62 രൂപയിലേക്കും കൂപ്പ് കുത്തി. ആദ്യ ഒരു മണിക്കൂറില്‍ മാത്രം മൂല്യത്തിലുണ്ടായ ഇടിവ് 78 പൈസ. തുര്‍ക്കിഷ് കറന്‍സി ലിറക്ക് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഉണ്ടായ വന്‍ ഇടിവിനെ തുടര്‍ന്ന് ആഗോള ഓഹരി വിപണിയില്‍ രൂപപ്പെട്ട പ്രതിസന്ധിയുടെ പ്രതിഫലനമാണ് രൂപക്കും സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളും രൂപയെ പ്രതികൂലമായി ബാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ രൂപക്ക് വിപണിയില്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ അഞ്ച് ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്. ഈ വര്‍ഷം അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിന് എഴുപത് രൂപക്ക് മുകളിലേക്കെത്തുമെന്നും കണക്ക് കൂട്ടപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് ഉടന്‍ സംഭവിച്ചേക്കുമെന്നും വിപണി വിദഗ്ദര്‍ കണക്ക് കൂട്ടുന്നു. രൂപയുടെ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്സില്‍ 250 പോയിന്റും നിഫ്റ്റിയില്‍ 75 പോയിന്റും രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ ഇടിവുണ്ടായി.

TAGS :

Next Story