മോദിയുടെ 4 വര്‍ഷത്തേക്കാള്‍ സാമ്പത്തിക വളര്‍ച്ച യുപിഎ സര്‍ക്കാരിന്റെ കാലത്ത്; റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ നിന്ന് കേന്ദ്രം നീക്കം ചെയ്തു
കേന്ദ്ര സ്റ്റാറ്റസ്റ്റിക്സ് മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് സൈറ്റില്‍ നിന്ന് മാറ്റിയത്.
നരേന്ദ്ര മോദിയുടെ നാല് വര്‍ഷത്തെക്കാള്‍ സാമ്പത്തിക വളര്‍ച്ച മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തു. കേന്ദ്ര സ്റ്റാറ്റസ്റ്റിക്സ് മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് സൈറ്റില്‍ നിന്ന് മാറ്റിയത്. റിപ്പോര്‍ട്ട് അന്തിമമല്ലെന്നും അതിനാല്‍ കരട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
സാമ്പത്തിക വിദഗ്ദന്‍ സുദീപ്തോ മുണ്ടെലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ജിഡിപി കണക്കാക്കുന്ന പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 1994 മുതലുള്ള രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പുനര്‍നിര്‍ണ്ണയിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പുതിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ മന്‍മോഹന്‍ സിംഗിന്റെ യുപിഎ ഭരണ കാലത്ത് ജിഡിപി ശരാശരി 8.1 ശതമാനവും, മോദി സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ജിഡിപി ശരാശരി 7.3 ശതമാനവുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രണ്ട് തവണ വളര്‍ച്ച ഇരട്ടയക്കത്തിലെത്തി. 2007-08 വര്‍ഷത്തെ 10.23ശതമാനവും 2010-11 വര്‍ഷത്തെ 10.78 ശതമാനവുമാണത്. എന്നാല്‍ മോദിയുടെ കാലത്ത് ഏറ്റവും കൂടിയ വളര്‍ച്ച 2015-16 വര്‍ഷത്തെ 7.06 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജൂലൈ അവസാനത്തോടെ സ്റ്റാറ്റ്സ്റ്റിക്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് മാധ്യമങ്ങളില്‍ വന്നത് .
ഇതോടെ വലിയ ചര്‍ച്ചയാവുകയും കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെയാണ് റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടി വെബ്സൈറ്റില്‍ നിന്ന് നീക്കിയത്. അതേസമയം കരട് റിപ്പോര്‍ട്ടുകളുടെ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലെ കണക്കുകള്‍ അന്തിമമല്ലെന്നും അതിനാല്‍ മാധ്യമങ്ങള്‍ ഉദ്ധരിക്കരുതെന്നും സ്റ്റാറ്റസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വിശദീകരിക്കുന്നു.
Adjust Story Font
16