Quantcast

മിസ്റ്റര്‍ 56, ഇങ്ങനെയാണോ നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി ഉറപ്പാക്കുന്നത്? മോദിക്കെതിരെ രാഹുല്‍

ഉന്നാവോ കേസിലെ മുഖ്യസാക്ഷിയുടെ ദുരൂഹ മരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

MediaOne Logo

Web Desk

  • Published:

    24 Aug 2018 1:48 AM GMT

മിസ്റ്റര്‍ 56, ഇങ്ങനെയാണോ നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി ഉറപ്പാക്കുന്നത്? മോദിക്കെതിരെ രാഹുല്‍
X

ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യസാക്ഷിയുടെ ദുരൂഹ മരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉന്നാവോ കേസിലെ പ്രധാന സാക്ഷിയുടെ ദുരൂഹ മരണവും പോസ്റ്റ്മോര്‍ട്ടം പോലും നടത്താതെ ധൃതിപിടിച്ചുള്ള സംസ്‌കാരവും ഗൂഢാലോചനയാണെന്ന് സംശയമുണ്ടാക്കുന്നതായി രാഹുല്‍ ട്വീറ്റ് ചെയ്തു.

ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ മുഖ്യ പ്രതിയായ കേസാണ് ഉന്നാവോ. മിസ്റ്റര്‍ 56, നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി എന്നത് കൊണ്ട് ഇതാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ ചോദിക്കുന്നു. ഉന്നാവോ പോലെയുള്ള ബലാത്സംഗ കേസുകള്‍ അപമാനമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മോദി മുന്‍പ് പ്രഖ്യാപിച്ചിരുന്നു. മോദിയുടെ ഈ പരാമര്‍ശത്തെ കുറിച്ചാണ് രാഹുലിന്‍റെ ചോദ്യം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബി.ജെ.പി എം.എല്‍എ സെന്‍ഗാര്‍ ബലാത്സംഗം ചെയ്തെന്നാണ് കേസ്. എം.എല്‍.എക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഏപ്രിലില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്‍പില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് അടുത്ത ദിവസം മരിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പിതാവിനെ എം.എല്‍.എയുടെ സഹോദരന്‍ അതുല്‍ സെന്‍ഗാര്‍ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് മൊഴി നല്‍കിയ കേസിലെ മുഖ്യസാക്ഷി യൂനുസാണ് മരിച്ചത്. ശനിയാഴ്ച ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യൂനുസിനെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. മരണത്തിലും പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്കരിച്ചതിലും ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. യൂനുസിനെ വിഷം നല്‍കി കൊന്നതാണെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. കേസിലെ സാക്ഷികളെ എം.എല്‍എയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്.

TAGS :

Next Story