‘രാജീവ് ഗാന്ധി ആള്‍ക്കൂട്ട കൊലയുടെ പിതാവ്’; പോസ്റ്റര്‍ പ്രചരണവുമായി ബി.ജെ.പി വക്താവ്
ആദ്യത്തെ ആള്‍ക്കൂട്ടകൊല നടന്നത് രാജീവ് ഗാന്ധിയുടെ കാലത്താണെന്ന് ആരോപിച്ച് ബി.ജെ.പി വക്താവ് തജിന്ദര്‍ പാല്‍ സിങ് ബാഗ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പതിച്ചു.
ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ഉത്തരവാദിത്വം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയില്‍ അടിച്ചേല്‍പിക്കാന്‍ ബി.ജെ.പി ശ്രമം. ആദ്യത്തെ ആള്‍ക്കൂട്ടകൊല നടന്നത് രാജീവ് ഗാന്ധിയുടെ കാലത്താണെന്ന് ആരോപിച്ച് ബി.ജെ.പി വക്താവ് തജിന്ദര്‍ പാല്‍ സിങ് ബാഗ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പതിച്ചു.
സിഖ് വിരുദ്ധ കലാപവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് ബി.ജെ.പി വക്താവിന്‍റെ പോസ്റ്റര്‍ പ്രചരണം. 1984ലെ കൂട്ടക്കൊല ആസൂത്രണം ചെയ്തത് രാജീവ് ഗാന്ധിയാണെന്നാണ് ബാഗയുടെ ആരോപണം. രാഹുലിനെ ചരിത്രം പഠിപ്പിക്കാനാണ് പോസ്റ്റര്‍ പതിച്ചതെന്നും ബാഗ പറഞ്ഞു. 2014ന് ശേഷം കോണ്‍ഗ്രസാണ് ആള്‍ക്കൂട്ടകൊല എന്ന വാക്ക് അവതരിപ്പിച്ചത്. എന്നാല്‍ ഈ വാക്ക് പ്രചാരത്തിലാവും മുന്‍പ് തന്നെ രാജീവ് ഗാന്ധി ആള്‍ക്കൂട്ടഹത്യക്ക് നേതൃത്വം നല്‍കിയെന്നാണ് ബാഗയുടെ ആരോപണം.
എന്നാല്‍ പോസ്റ്റര്‍ പതിച്ചത് പാര്‍ട്ടിയല്ല എന്നാണ് ബി.ജെ.പിയുടെ വിശദീകരണം. താന്‍ സ്വന്തം പേരിലാണ് പോസ്റ്റര്‍ പതിച്ചതെന്ന് ബാഗയും അവകാശപ്പെട്ടു. പോസ്റ്റര്‍ പ്രചരണത്തെ കോണ്‍ഗ്രസ് അപലപിച്ചു. ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ശര്‍മിഷ്ഠ മുഖര്‍ജി വിമര്‍ശിച്ചു. ബി.ജെ.പിയുടെ അഭിപ്രായമല്ല പോസ്റ്ററില്‍ എങ്കില്‍ എന്തുകൊണ്ട് ബാഗക്കെതിരെ നടപടിയെടുക്കുന്നില്ല എന്നും ശര്‍മിഷ്ഠ ചോദിച്ചു.
Adjust Story Font
16