Quantcast

നോട്ടു നിരോധം നേട്ടമുണ്ടാക്കിയോ? പത്തു പോയിന്റുകൾ 

MediaOne Logo

Web Desk

  • Published:

    29 Aug 2018 1:54 PM GMT

നോട്ടു നിരോധം നേട്ടമുണ്ടാക്കിയോ? പത്തു പോയിന്റുകൾ 
X

നോട്ടു നിരോധത്തിന് ശേഷം ബാങ്കുകളിൽ തിരിച്ചെത്തിയ അസാധു നോട്ടുകളുടെ എണ്ണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇത്തവണത്തെ വാർഷിക റിപ്പോർട്ടിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സർക്കാർ വാദിക്കുന്ന രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ നോട്ടു നിരോധം കൊണ്ട് സാധിച്ചില്ല എന്നാണ് ആർ.ബി.ഐയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നോട്ടു നിരോധവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പത്തു പോയിന്റുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

1 . ഉപയോഗത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി വരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് നോട്ടു നിരോധത്തിലൂടെ അസാധുവായത്. ഇതിൽ 15.31 ലക്ഷം കോടിയുടെ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.

2 . ആർ.ബി.ഐയുടെ റിപ്പോർട്ട് പ്രകാരം വെറും 10,720 കോടിയുടെ അസാധു നോട്ടുകൾ മാത്രമാണ് ബാങ്കുകളിൽ തിരിച്ചെത്താനുള്ളത്.

3 . അസാധുവാക്കലിന് ശേഷം ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പണം ഏറ്റവും മികച്ചതും വേഗതയുള്ളതുമായ സംവിധാനം ഉപയോഗിച്ചാണ് എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നത് കൃത്യവും സുതാര്യവുമാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ആർ.ബി.ഐയുടെ വാദം.

4 . കഴിഞ്ഞ സാമ്പത്തിക വര്ഷം അവസാനം വരെ വിപണിയിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം 18 ലക്ഷം കോടിയാണ്. അതായത്, നോട്ടു നിരോധത്തിന് ശേഷം 38 ശതമാനത്തോളം വർധനവാണ് ഉണ്ടായത്.

5 . അസാധുവാക്കിയ പഴയ അഞ്ഞൂറ് രൂപയുടെ നോട്ടിന് പകരം പുതിയ നോട്ട് പുറത്തിറക്കിയെങ്കിലും നിരോധിച്ച ആയിരം രൂപയുടെ നോട്ടിന് പകരം പുതിയ നോട്ട് അച്ചടിച്ചില്ല. പകരം രണ്ടായിരം രൂപയുടെ പുതിയ നോട്ടാണ് ആർ.ബി.ഐ പുറത്തിറക്കിയത്.

6 . പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും മറ്റു സംഖ്യകളുടെയും നോട്ടുകൾ അച്ചടിക്കാൻ 7,965 കോടി രൂപയാണ് ആർ.ബി.ഐ ചിലവഴിച്ചത്. കഴിഞ്ഞ വര്ഷം ചിലവഴിച്ച തുകയേക്കാൾ ഇരട്ടിയാണിത്. 2017-2018 കാലയളവിൽ നോട്ടുകൾ അച്ചടിക്കാൻ മറ്റൊരു 4,912 കോടി രൂപ കൂടി ചിലവഴിച്ചുവെന്ന് ആർ.ബി.ഐയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

7 . നോട്ടു നിരോധം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുമെന്നും വ്യാജ നോട്ടുകളെ നേരിടുന്നതിൽ സഹായിക്കുമെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, അഞ്ഞൂറിന്റെ വ്യാജ നോട്ടുകളിൽ 59.7 ശതമാനവും ആയിരം രൂപയുടെ വ്യാജ നോട്ടുകൾ 59.6 ശതമാനമായും കുറഞ്ഞുവെന്നാണ് ആർ.ബി.ഐ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

8 . നോട്ടു നിരോധത്തിന് രാജ്യം വലിയ വില നൽകേണ്ടി വന്നുവെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം ട്വിറ്ററിൽ കുറിച്ചു.

9 . ബാങ്കുകളിലേക്ക് തിരിച്ചെത്താത്ത 13000 കോടിയുടെ പേരിൽ രാജ്യത്തിന്റെ വാർഷിക വരുമാനത്തിൽ 2.25 ലക്ഷം കോടിയുടെ കുറവും ധാരാളം തൊഴിൽ നഷ്ടവും നൂറു കണക്കിന് ആളുകളുടെ മരണവും സംഭവിച്ചു എന്നും പി ചിദംബരം പറഞ്ഞു.

10 . ഭൂട്ടാനിൽ നിന്നും നേപ്പാളിൽ നിന്നും അസാധുവാക്കിയ നോട്ടുകൾ തിരിച്ചു വാങ്ങാനും മാറ്റി നൽകാനും ഇന്ത്യ തയ്യാറായിരുന്നില്ല. നോട്ടു മാറ്റി നൽകുന്നതിൽ നിന്ന് സഹകരണ ബാങ്കുകളെയും പിന്നീട് വിലക്കിയിരുന്നു.

TAGS :

Next Story