‘മോദിജീ..., അംബാനിയോട് പറയൂ ഫ്രാന്‍സില്‍ സ്ഥിതി മോശമാണെന്ന്’; റാഫേലില്‍ പുതിയ വിവാദം
റാഫേല്‍ നിര്‍മ്മിക്കാന്‍ കരാറുള്ള ഫ്രഞ്ച് കമ്പനിയും റിലൈന്‍സും ചേര്‍ന്ന് സ്ഥാപിച്ച ‘ഡി.അര്‍.എ.എല്‍’ എന്ന കമ്പനിയുടെ തറക്കല്ലിട്ട് എട്ടാഴ്ചക്ക് ശേഷമാണ് റിലൈന്‍സിന്‍റെ ഫ്രഞ്ച് ചിത്രം റിലീസ് ചെയതത്.
റാഫേല്‍ യുദ്ധവിമാന കരാറില്‍ വീണ്ടും വിവാദം പുകയുന്നു. ധാരണാപത്രം ഒപ്പിടുന്നതിന് തൊട്ട് മുന്‍പ് ഫ്രഞ്ച് പ്രസിഡന്‍റായിരുന്ന ഫ്രാന്‍സ്വാ ഹോളണ്ടെയുടെ പങ്കാളിയുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കാന്‍ റിലൈന്‍സ് തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഗോള അഴിമതിയാണ് കരാറുമായി ബന്ധപ്പെട്ട് നടന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.
ഫ്രാന്‍സ്വാ ഹോളാണ്ടെ പ്രസിഡന്‍റായിരുന്ന കാലത്താണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റാഫേല്‍ കരാറിന് ധാരണയായത്. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിത്ഥിയായി ഇന്ത്യയിലെത്തിയ ഹോളാണ്ടെ കരാര്‍ സംബന്ധിച്ച ധാരണപത്രം ഒപ്പുവക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് രണ്ട് ദിവസം മുന്‍പ് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പങ്കാളിയായ നടി ജൂലി ഗെയ്റ്റുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലൈന്‍സ് എന്‍റര്‍ടൈന്‍മെന്‍റ് തീരുമാനിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
2016 ജനുവരി 24-നാണ് നടി ജൂലി ഗെയ്റ്റ്സിന്‍റെ കമ്പനിയായ 'റോഷു'മായി സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ച വിവരം റിലൈന്‍സ് എന്‍റര്‍ടൈന്‍മെന്‍റ് പുറത്ത് വിട്ടത്. ജനുവരി 26നാണ് ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള എം.ഒ.യു ഇന്ത്യ ഒപ്പു വച്ചത്. റാഫേല്‍ നിര്‍മ്മിക്കാന്‍ കരാറുള്ള ഫ്രഞ്ച് കമ്പനിയും റിലൈന്‍സും ചേര്‍ന്ന് സ്ഥാപിച്ച ഡി.അര്‍.എ.എല്‍ (Dassault Reliance Aerospace Ltd) എന്ന കമ്പനിയുടെ തറക്കല്ലിട്ട് എട്ടാഴ്ചക്ക് ശേഷമാണ് റിലൈന്‍സിന്‍റെ ഫ്രഞ്ച് ചിത്രം റിലീസ് ചെയതത്. എട്ട് രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രം എന്നാല്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയില്ല. എന്നാല്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ റിലൈന്‍സ് എന്‍റര്‍ടൈന്‍മെന്‍റോ 'റോഷോ' പ്രതികരണത്തിന് തയ്യാറായിട്ടില്ല.
അതേസമയം, നടന്നത് ആഗോള അഴിമതിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. വരുന്ന രണ്ട് ആഴ്ചകളില്‍ ബങ്കറുകള്‍ തകര്‍ക്കുന്ന ബോംബുകള്‍ റാഫേല്‍ വര്‍ഷിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഫ്രാന്‍സില്‍ വലിയ കുഴപ്പമാണെന്ന് അനില്‍ അംബാനിയോട് നരേന്ദ്രമോദി പറയണമെന്നും രാഹുല്‍ പരിഹസിച്ചു.
Adjust Story Font
16