Quantcast

ധീരതക്കുള്ള മെഡൽ കിട്ടാൻ വ്യാജ ഏറ്റുമുട്ടൽ: മണിപ്പൂർ പൊലീസിന്റെ പൊളിഞ്ഞ തിരക്കഥ 

ധീരതക്കുള്ള പൊലീസ് മെഡൽ ലഭിക്കാൻ മണിപ്പൂർ പൊലീസ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി എന്ന് കണ്ടെത്തിയിരിക്കുകയാണ് സി.ബി.ഐ

MediaOne Logo

Web Desk

  • Published:

    6 Sep 2018 11:13 AM GMT

ധീരതക്കുള്ള മെഡൽ കിട്ടാൻ വ്യാജ ഏറ്റുമുട്ടൽ: മണിപ്പൂർ പൊലീസിന്റെ പൊളിഞ്ഞ തിരക്കഥ 
X

2012 നവംബര് 23 ന് മണിപ്പൂർ പൊലീസിലെ സബ് ഇൻസ്‌പെക്ടർ പി തരുൺകുമാറിന് ധീരതക്കുള്ള പൊലീസ് മെഡൽ രാഷ്‌ട്രപതി സമ്മാനിച്ചു. ആ വര്ഷം ജനുവരി 20 ന് മുഹമ്മദ് സമീർ ഖാൻ എന്ന മനുഷ്യനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ നാലംഗ സംഘത്തെ നയിച്ചതിനാണ് തരുൺകുമാറിന് രാഷ്ട്രപതിയുടെ ആദരം ലഭിച്ചത്.

കേസിൽ തരുൺ കുമാർ തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ട് പ്രകാരം, 2012 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രവത്തകരെ തട്ടിക്കൊണ്ടുപോകാനും ബോംബ് സ്‌ഫോടനത്തിൽ കൊലപ്പെടുത്താനും പദ്ധതിയിടുകയായിരുന്നു ഖാൻ. വിശ്വാസ യോഗ്യമായ ഉറവിടങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻഫാൽ ഈസ്റ്റ് ജില്ലയിലെ ലിലൊങ് ശാന്തിപൂർ പൊലീസ് വളഞ്ഞു, എഫ്.ഐ.ആറിൽ പറയുന്നു.

ഇന്ത്യയുടെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന വിധിയിലൂടെ അഫ്‌സ്പ നിലനിൽക്കുന്ന പ്രദേശങ്ങളിലും സൈന്യത്തിന് അമിതാധികാരം ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു

"ഖാനോടും കൂട്ടാളികളോടും പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാൻ അവർ തയ്യാറായില്ല. പകരം, പൊലീസിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. തുടർന്ന് ഖാൻ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഖാന്റെ മൃതദേഹത്തിന് സമീപത്തു നിന്നും തിരയടങ്ങിയ 9 എം.എം പിസ്റ്റളും സ്‌ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. അദ്ദേഹത്തിന്റെ കൂട്ടാളികൾ ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപ്പെട്ടു. തുടർന്നുള്ള വിശദമായ പരിശോധനയിൽ റോഡരികിൽ നിന്നും ഒരു ഹാൻഡ് ഗ്രനേഡ് പിൻ കൂടി പൊലീസ് കണ്ടെടുത്തു," എഫ്.ഐ.ആറിൽ പറയുന്നു.

അന്നത്തെ ഏറ്റുമുട്ടലിനു ശേഷം തരുൺകുമാറിന് ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചു. അയാൾ ഇപ്പോൾ ഇൻസ്പെക്ടറായി അതിർത്തി പട്ടണമായ മോറെയിൽ നിയമിതനായിട്ടുണ്ട്. എന്നാൽ, ഖാൻ നിരപരാധിയായിരുന്നു എന്നും പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു എന്നും തെളിയിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് നീണ്ട ആറു വർഷങ്ങൾ ചിലവഴിക്കേണ്ടി വന്നു. ഖാൻ കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ അവരുടെ കുഞ്ഞിന് ജന്മം നൽകിയത്.

ഖാന്റെ കൊലപതകത്തെ കുറിച്ച് അന്വേഷണം നടത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവകാശവാദം ശരിയാണെന്ന് കണ്ടെത്തുകയും അവർക്ക് നഷ്ടപരിഹാരം നൽകണമെന്നും 2014 ൽ ഉത്തരവിട്ടു. ഖാന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചെങ്കിലും അഫ്‌സ്പ നൽകിയ പ്രത്യേക അധികാരത്തിന്റെ മറവിൽ തരുൺകുമാറും കൂടെയുള്ളവരും വിചാരണ നേരിടുന്നതിൽ നിന്നും രക്ഷപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രശ്നബാധിത സ്ഥലങ്ങളിൽ ആരെയും പരിശോധിക്കാനും അറസ്റ്റ് ചെയ്യാനും വേണമെങ്കിൽ വെടിവെച്ച് കൊല്ലാനും അധികാരം നൽകുന്ന സ്പെഷ്യൽ ആക്ട് ആണ് അഫ്‌സ്പ.

എന്നാൽ, മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ 98 വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാൻ 2017 ൽ സുപ്രീം കോടതി സി.ബി.ഐക്ക് ഉത്തരവ് നൽകിയതോടെ ഖാന്റെ കുടുംബത്തിന്‌ വീണ്ടും പ്രതീക്ഷയുണ്ടായി. മണിപ്പൂരിൽ പൊലീസ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ഉൾപ്പെട്ട സംഘടന നൽകിയ ഹരജിയിലാണ് സുപ്രീം കോടതി സി.ബി.ഐക്ക് ഉത്തരവ് നൽകിയത്. 1979 നും 2012 നുമിടയിൽ 1528 വ്യാജ ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്തു നടന്നതെന്നും എന്നാൽ ഒന്നിൽ പോലും കുറ്റക്കാർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ഹരജിയിൽ സംഘടന വാദിച്ചു. ഇന്ത്യയുടെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന വിധിയിലൂടെ അഫ്‌സ്പ നിലനിൽക്കുന്ന പ്രദേശങ്ങളിലും സൈന്യത്തിന് അമിതാധികാരം ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

സി.ബി.ഐ അന്വേഷിച്ച 98 കേസുകളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സമീർ ഖാനെ കൊലപ്പെടുത്താൻ തരുൺ കുമാറും അയാളുടെ ടീമും നടത്തിയ ഏറ്റുമുട്ടലാണ്. ഒരു വർഷത്തിന് ശേഷം, ജൂലൈ 7 ന് കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനെയും ഖാന്റെ കുടുംബത്തെയും ശരിവെച്ച കുറ്റപത്രം തരുൺകുമാറിനും മറ്റു ആറു പൊലീസുകാർക്കുമെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, വധശിക്ഷ വരെ കിട്ടാവുന്ന കുറ്റം ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തു എന്നീ കുറ്റങ്ങൾ ചാർത്തി. 2012 ജനുവരി 20 ന് ഏറ്റുമുട്ടൽ നടന്ന ആ സ്ഥലത്തു തീവ്രവാദികൾ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അവിടെ ആയുധങ്ങൾ നിക്ഷേപിക്കുകയായിരുന്നെന്നും കുറ്റപത്രം വ്യക്തമാക്കി. സമീറിനെ കൊലപ്പെടുത്താൻ മനപ്പൂർവ്വം പദ്ധതിയിട്ട ഒരു ഏറ്റുമുട്ടൽ തന്നെയായിരുന്നു അത് എന്ന് വ്യക്തമാക്കിയ കുറ്റപത്രം, ഈ ഏറ്റുമുട്ടൽ കാണിച്ച് ധീരതക്കുള്ള മെഡൽ വാങ്ങിക്കുക എന്നതായിരുന്നു അതിന് പിന്നിലെ പ്രേരകം എന്നുകൂടി ആരോപിച്ചു.

ഖാന്റെ കേസിനു പുറമെ മറ്റു അഞ്ച് കേസുകളിലും സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 2012 ജനുവരി 18 ന് മണിപ്പൂർ പൊലീസിന്റെ കമാൻഡോകൾ കൊലപ്പെടുത്തിയ മുഹമ്മദ് ഇസ്ഹാഖിന്റെയും മുഹമ്മദ് മുഷ്താഖിന്റെയും കേസുകളും ഖാന്റെ കേസിനു സമാനമാണ്. രണ്ടു പേരെയും പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു എന്ന് സിബിഐ കണ്ടെത്തി. കൊല്ലപ്പെട്ട രണ്ടു പേർക്കും ക്രിമിനൽ പശ്ചാത്തലമോ തീവ്ര സംഘടനകളുമായി ബന്ധമോ ഇല്ലെന്ന് വ്യക്തമാക്കിയ കുറ്റപത്രം എട്ടു കമാൻഡോകൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി. 2011 ഡിസംബർ 20 ന് കൊല്ലപ്പെട്ട ലൈഷ്‌റാം രൺബീർ സിങിന്റെ കേസും വ്യത്യസ്തമല്ല.

വ്യാജ ഏറ്റുമുട്ടലുകളിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എങ്കിലേ മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭ്യമാവൂ എന്നും അവർ പ്രതികരിച്ചു.

വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും ആക്ടിവിസ്റ്റുകളുമൊക്കെ സിബിഐ സമർപ്പിച്ച കുറ്റപത്രങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. കുറ്റപത്രത്തിന്റെ സുതാര്യതയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് അവർ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകളിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എങ്കിലേ മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭ്യമാവൂ എന്നും അവർ പ്രതികരിച്ചു.

TAGS :

Next Story