‘എന്നെ നിർവ്വചിക്കാനുള്ള അധികാരം ആർക്കാണ് ?’
‘ദലിത്’ എന്ന പദം നിരോധിച്ചുകൊണ്ടുള്ള കൊണ്ടുള്ള ഉത്തരവ് ഇന്ത്യയിൽ ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാനുള്ള വിശാലമായ ഒരു മുന്നേറ്റത്തിന്റെ ഭാഗമാണ് എന്ന് വാദിക്കുന്ന കെ സത്യനാരായണയുടെ ലേഖനം
പട്ടികജാതി വിഭാഗത്തിൽ പെട്ടവരെ വിവരിക്കാൻ ‘ദലിത്’ എന്ന പദം ഉപയോഗിക്കരുതെന്ന വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം അസ്തിത്വപരമായ ഒരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂനെ പോലീസ് എന്റെ വീട് പരിശോധിക്കുകയും എന്റെ കമ്പ്യൂട്ടറുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഞാൻ ഒരു “ദലിത് പണ്ഡിതൻ” എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ഇനി അടുത്ത പത്രസമ്മേളനത്തിൽ ഞാൻ എങ്ങനെയാണ് എന്നെ തന്നെ പരിചയപ്പെടുത്തേണ്ടത്?
‘ദലിത് പഠനങ്ങൾ’ എന്ന പേരിൽ ഒരു പുസ്തകവും ‘അക്ഷരങ്ങൾ കാണ്മാനില്ല, പേനമുനകൾ തളിർക്കുന്നു’ എന്ന പേരിൽ ദലിത് സാഹിത്യത്തെക്കുറിച്ച് രണ്ട് വാല്യങ്ങളും എഴുതിയ വ്യക്തിയാണ് ഞാൻ. ടി.വി ചാനലുകൾ ഇനി എങ്ങനെയാണ് എന്റെ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാൻ പോവുന്നത്? അവ ‘പട്ടികജാതി പഠനങ്ങളാ’യി മാറുമോ? എനിക്ക് എന്നെ സ്വയം ദലിതനെന്ന് വിളിക്കാൻ സാധിക്കുമോ എന്നെനിക്കറിയില്ല. എന്തായാലും മാധ്യമങ്ങൾക്ക് എന്നെ അങ്ങനെ വിളിക്കുന്നത് ഒഴിവാക്കേണ്ടി വരും. ഭീമ കോരേഗാവ് സംഭവം ചർച്ച ചെയ്യുകയായിരുന്ന ചില മാധ്യമങ്ങൾ എത്ര വേഗമാണ് ഈ നിർദ്ദേശം പിൻപറ്റി പട്ടികജാതി എന്ന പ്രയോഗത്തിലേക്ക് മാറിയത്. ‘ദലിത്’ എന്ന പദത്തിന്റെ നിരോധം വെറും വാക്കുകളുടെ മാത്രം കാര്യമല്ല. ഒറ്റ രാഷ്ട്രവും ഒറ്റ സ്വത്വവും സൃഷ്ടിക്കാനുള്ള വിശാലമായ ഒരു പദ്ധതിയുടെ ഭാഗമാണ് ഈ പേരുമാറ്റം.
ബോംബെ ഹൈകോടതിയുടെ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ആഗസ്റ്റ് 7ന് വാർത്താവിനിമയ മന്ത്രാലയം നിർദ്ദേശം പുറത്തിറക്കുന്നത്. “പദം ഉപയോഗിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ഉത്തരവ് നൽകിയതു പോലെ കേന്ദ്ര സർക്കാരിന് രണ്ടാം എതിർകക്ഷിയെയും മാധ്യമങ്ങളെയും അതിൽ നിന്ന് നിരുത്സാഹപ്പെടുത്തിക്കൊണ്ട് നിയമപരമായി നിർദ്ദേശമിറക്കാവുന്നതാണ്. ഈ വിഷയത്തിൽ ഉൾപ്പെട്ട മറ്റു സ്ഥാപനങ്ങൾ ഹാജരല്ലാത്തതിനാൽ ഒന്നാം എതിർകക്ഷിയോട് മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകുന്ന കാര്യത്തിൽ ആറ് മാസത്തിനകം തക്കതായ തീരുമാനമുണ്ടാക്കാൻ ഉത്തരവിടുന്നു” എന്നാണ് കോടതി വിധിയിൽ പ്രസ്താവിക്കപ്പെട്ടത്.
ഇവിടെ രണ്ട് പ്രയോഗങ്ങളാണ് പ്രധാനം- “നിയമപരമായി”, “തക്കതായ തീരുമാനം.”സാമൂഹികക്ഷേമ മന്ത്രാലയം ഡയറക്റ്റർ മാർച്ച് 15ന് അയച്ച കത്ത് പ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പട്ടികജാതി വിഭാഗക്കാരെ അഭിസംബോധന ചെയ്യുമ്പോൾ ‘ദലിത്’ എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഈ നിർദ്ദേശം കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കാണെന്ന് വ്യക്തമാണ്. എന്നാൽ വാർത്താവിനിമയ മന്ത്രാലയം കോടതിയുത്തരവ് മനഃപൂർവം വളച്ചൊടിച്ച് അതിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങളെയും പദം ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വന്തം ഉദ്യോഗസ്ഥരെ ഉപദേശിക്കാമെങ്കിലും സ്വകാര്യ വാർത്താ ചാനലുകളെ ഉപദേശിക്കാനുള്ള അധികാരം മന്ത്രാലയത്തിനില്ല എന്ന് കോടതി ഉത്തരവ് പരിശോധിച്ചാൽ മനസ്സിലാവും. വാക്കുകളെയും വിഭാഗങ്ങളെയും ചിന്തകളെയും എങ്ങനെയാണ് നിരോധിക്കാൻ സാധിക്കുക?.
സ്വന്തം ഉദ്യോഗസ്ഥരെ ഉപദേശിക്കാമെങ്കിലും സ്വകാര്യ വാർത്താ ചാനലുകളെ ഉപദേശിക്കാനുള്ള അധികാരം മന്ത്രാലയത്തിനില്ല എന്ന് കോടതി ഉത്തരവ് പരിശോധിച്ചാൽ മനസ്സിലാവും. വാക്കുകളെയും വിഭാഗങ്ങളെയും ചിന്തകളെയും എങ്ങനെയാണ് നിരോധിക്കാൻ സാധിക്കുക?.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വാക്പ്രയോഗങ്ങളെ നിയന്ത്രിക്കാൻ നടക്കുന്ന ഈ ശ്രമം ചർച്ച ചെയ്യുന്നതിന് മുൻപ് ‘ദലിത്’ എന്ന പദത്തിന്റെ ചരിത്രം ഗോപാൽ ഗുരുവിന്റെ ‘പൊളിറ്റിക്സ് ഓഫ് നേമിങ്’ എന്ന പുസ്തകത്തിന്റെ സഹായത്തോടെ ഒന്ന് ചെറുതായി പരിശോധിക്കാം. ദലിത് എന്നത് കുറേ കൂടെ വിപ്ലവകരമായ ഒരു പദമാണെന്നും കൂടുതൽ ആളുകളെ ഉൾപ്പെടുത്താനുള്ള കഴിവ് അതിനുണ്ടെന്നും ഗുരു വാദിക്കുന്നുണ്ട്. ഭാഷയിലധിഷ്ഠിതമായ വെറും വാക്കല്ല, യഥാർത്ഥ അനുഭവങ്ങളെ ബാധിക്കുന്ന ഒരു വിജ്ഞാന സിദ്ധാന്തമാണ് ‘ദലിത്’. ജീവിതത്തിന്റെ വിവിധ തലങ്ങളെയും ബന്ധങ്ങളെയും അത് സൂചിപ്പിക്കുന്നുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ തൊട്ടുകൂടായ്മ എന്ന ദുരനുഭവവുമായി ജീവിക്കേണ്ടി വന്ന വിവിധ സമുദായങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ശക്തിയുള്ള പദമാണത്.
’ദലിത്’ എന്ന പദം എല്ലാ സമുദായങ്ങളും അംഗീകരിച്ച ഒന്നല്ല. മധ്യവർഗ വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ചില ദലിതുകൾ ഈ പേരിൽ അറിയപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. അത് ദുരിതപൂർണമായ തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തുന്നതു കൊണ്ടാണത്. ചില പ്രത്യേക പട്ടികജാതി വിഭാഗങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു എന്ന പേരിൽ വേറെ ചില വിഭാഗങ്ങളും ‘ദലിത്’ എന്ന പദം ബഹിഷ്കരിച്ചിട്ടുണ്ട്. മറ്റു ചിലർ ‘ബുദ്ധിസ്റ്റ്’ ,‘ബഹുജൻ’ എന്നീ പേരുകളിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന. പേരിന്റെ ഉപയോഗത്തെക്കുറിച്ച് നടക്കുന്ന ഈ ആഭ്യന്തര ചർച്ചകൾ ‘ദലിത്’ എന്ന പദത്തിന്റെ സാധ്യതകൾക്ക് പുതിയ മാനം നൽകുന്നുണ്ട്. ‘ദലിത്’ എന്ന് വിശേഷിക്കപ്പെടരുത് എന്ന് ആവശ്യപ്പെടാൻ ഓരോ പട്ടികജാതി വിഭാഗത്തിനും അവകാശമുണ്ട്. ഈ കാരണം കൊണ്ടു തന്നെ ‘ദലിത്’ എന്ന പദം സമൂഹത്തിൽ ഉപയോഗിക്കുന്നതിനെ കോടതി വിലക്കിയിട്ടില്ല. മന്ത്രാലയവും ഇതൊരു ‘നിർദ്ദേശമാ’യിട്ടാണ് പുറത്തിറക്കിയത്.
ഇവിടെ മന്ത്രാലയം യഥാർത്ഥത്തിൽ എന്താണ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാവാൻ വ്യക്തിയാഥാർത്ഥ്യങ്ങളെ നിയന്ത്രിക്കാൻ നടക്കുന്ന വിശാലമായ ശ്രമങ്ങളെ നാം ആദ്യം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യക്കാരെയും മറ്റുള്ളവരെയും വേർതിരിച്ചറിയാനുള്ള സംഘടിത പ്രവർത്തനം ആർ.എസ്.എസും മറ്റ് ഹിന്ദുത്വ സംഘടനകളും ആരംഭിച്ചു കഴിഞ്ഞു. ന്യൂനപക്ഷങ്ങളെ “അപരർ” എന്ന് മുദ്രകുത്തി അപമാനിക്കുന്ന സംഭവങ്ങൾ ഇന്ന് ദൈംദിന ജീവിതത്തിന്റെ ഭാഗമാണ്. ‘ദലിത്’ എന്ന പദം ഒഴിവാക്കാൻ ആർ.എസ്.എസ് സംഘടനയിലെ പ്രവർത്തകരോട് ചട്ടംകെട്ടിയിട്ടുണ്ട്. പകരം ‘പട്ടികജാതി’ എന്ന പദമാണ് അവർ ഉപയോഗിക്കുന്നത്. ഭരണകാര്യങ്ങൾക്കും സ്ഥിതിവിവരക്കണക്കുകൾക്കും ഉപയോഗിക്കുന്നതിനപ്പുറം മനുഷ്യർ എന്ന നിലയിലെ ദലിതരുടെ അനുഭവങ്ങൾ ഉൾക്കൊള്ളിക്കാൻ ആ പദത്തിനാവില്ല..
അംബേദ്കറുടെ ജീവിതം പുനഃപരിശോധിച്ചു കൊണ്ട് ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഒബ്സേർവർ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ‘ദലിത്’ എന്ന പദം ഒരിക്കൽ പോലും പരാമർശിക്കപ്പെടുന്നില്ല. എർ.എസ്.എസ് പ്രചാരകരും ആ പദം ഉപയോഗിക്കാറില്ല. ‘തൊട്ടുകൂടാത്തവർ’ എന്നാണ് അവരുടെ പ്രയോഗം. ഫെബ്രുവറി 25ന് മീറത്തിൽ വെച്ച് നടന്ന ഒരു സമ്മേളനത്തിന്റെ ഭാഗമായി ഉയർത്തിയ പരസ്യബോർഡിൽ ദലിത് സന്യാസികളെ ‘തൊട്ടുകൂടാത്തവർ’ എന്ന് ആർ.എസ്.എസ് വിശേഷിപ്പിക്കുകയും ഇതിനെതിരെ ദലിത് സമുദായങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
പദങ്ങളെയും പ്രയോഗങ്ങളെയും ചിന്തകളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ആർ.എസ്.എസിന്റെ പ്രധാന പദ്ധതികളിൽ ഒന്നായിട്ടാണ് ഞാൻ കാണുന്നത്. ഹിന്ദുത്വ ശക്തികൾ ഭരണകൂട സംവിധാനങ്ങളിൽ കയറിക്കൂടിയതിന്റെ അടയാളമാണ് ഇന്ന് മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശം.
അംബേദ്കറുടെ ജീവിതം പുനഃപരിശോധിച്ചു കൊണ്ട് ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഒബ്സേർവർ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ‘ദലിത്’ എന്ന പദം ഒരിക്കൽ പോലും പരാമർശിക്കപ്പെടുന്നില്ല. എർ.എസ്.എസ് പ്രചാരകരും ആ പദം ഉപയോഗിക്കാറില്ല. ‘തൊട്ടുകൂടാത്തവർ’ എന്നാണ് അവരുടെ പ്രയോഗം.
പോലീസിലും ഈ നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ട്. ഞാനുമായുള്ള സംഭാഷണത്തിനിടെ പൂനെ പോലീസും തെലങ്കാന സ്പെഷ്യൽ ടാസ്ക് ഫോർസും എന്റെ ജാതി ചോദിച്ചു. ബ്രാഹ്മണയായിട്ടും ഭാര്യ എന്തുകൊണ്ടാണ് വിവാഹിതയായതിന്റെ അടയാളങ്ങൾ ഒന്നും അണിയാത്തതെന്ന് ചോദിച്ചു. എന്റെ മിശ്രവിവാഹവും ജാതി പദവിയും നിരീശ്വരവാദവും ഒക്കെ ചർച്ച ചെയ്യപ്പെട്ടു. മാർക്സിനെയും മാവോവെയും വായിക്കുന്നത് എന്നെ ഒരു മാവോവാദിയോ നഗര നക്സലോ ആക്കുന്നുവെന്ന് അവർ വിവരിച്ചു. മാർക്സിനെയും അംബേദ്കറിനെയും വായിക്കുന്നത് എന്നെ ഭീമാ കോരേഗാവ് ഗൂഢാലോചനയിൽ പങ്കാളിയാക്കുന്നു. മാവോവാദികളുമായി ബന്ധമില്ലെങ്കിൽ പിന്നെ ഈ പുസ്തകങ്ങൾ എന്റെ പക്കൽ എന്തിനാണ്? ഹരീഷ് ഖാരെ പറഞ്ഞതു പോലെ ദലിതനാണ് ഇന്നത്തെ മുസ്‍ലിം. അല്ലെങ്കിൽ മാവോവാദി. കാരണം ഇത് ഹിന്ദു രാഷ്ട്രമാണ്. എനിക്ക് ഒരു വ്യക്തിത്വവും ഒരു ആധാർ കാർഡും ഒരു ജാതി സെർട്ടിഫിക്കറ്റും ഒരു മതവും മാത്രമേ പാടുള്ളൂ.
പരിഭാഷ: സയാന്‍ ആസിഫ് | കടപ്പാട്: ദി ഇന്ത്യൻ എക്സ്പ്രസ്
Adjust Story Font
16