Quantcast

തീവ്രവാദികളുടെ ബന്ധുക്കളെ മോചിപ്പിച്ചതില്‍ കേന്ദ്രത്തിന് അതൃപ്തി; ജമ്മു കശ്മീര്‍ പൊലീസ് മേധാവിയെ മാറ്റി

ജമ്മു കശ്മീര്‍ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് എസ് പി വൈദിനെ മാറ്റി

MediaOne Logo

Web Desk

  • Published:

    7 Sep 2018 5:37 AM GMT

തീവ്രവാദികളുടെ ബന്ധുക്കളെ മോചിപ്പിച്ചതില്‍ കേന്ദ്രത്തിന് അതൃപ്തി; ജമ്മു കശ്മീര്‍ പൊലീസ് മേധാവിയെ മാറ്റി
X

ജമ്മു കശ്മീര്‍ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് എസ് പി വൈദിനെ മാറ്റി. കശ്മീരില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ തീവ്രവാദികളുടെ ബന്ധുക്കളെ വിട്ടയച്ചതില്‍ ആഭ്യന്തര മന്ത്രാലയത്തിന് അതൃപ്തിയുണ്ടായിരുന്നു. പിന്നാലെയാണ് ഡിജിപി സ്ഥാനത്തുനിന്ന് വൈദിനെ നീക്കിയത്.

മൂന്ന് പൊലീസുകാരെയും ഇവരുടെ ബന്ധുക്കളായ എട്ട് പേരെയുമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഹിസ്ബുള്‍ മുജാഹിദ്ദിന്‍ കമാന്‍ഡര്‍ റിയാസ് നൈക്കുവിന്‍റെ പിതാവ് ഉള്‍പ്പെടെ തീവ്രവാദികളുടെ ബന്ധുക്കളായ 12 പേരെ വിട്ടയച്ചാണ് പൊലീസുകാരെയും ബന്ധുക്കളെയും മോചിപ്പിച്ചത്. ഈ സംഭവം പൊലീസ് സേനയുടെ ആത്മവീര്യം തകര്‍ത്തെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. തീവ്രവാദികളുടെ സമ്മര്‍ദത്തിന് വഴങ്ങിയതിന്‍റെ പ്രത്യാഘാതം എന്തെന്ന് തിരിച്ചറിയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു. പിന്നാലെയാണ് പൊലീസ് മേധാവിയെ നീക്കിയത്.

ബി.ജെ.പി - പി.ഡി.പി ബന്ധം വിച്ഛേദിച്ചതോടെ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മു കശ്മീര്‍. പല കാര്യങ്ങളിലും പൊലീസും ഗവര്‍ണറും തമ്മില്‍ ഇതിനകം അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. കത്‍വയിലെ ബലാത്സംഗ കേസില്‍ ശക്തമായ നിലപാടെടുത്തതിന്‍റെ പേരില്‍ ഡി.ജി.പിയോട് സംസ്ഥാനത്തെ ബി.ജെ.പിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

നിലവില്‍ ജയില്‍ മേധാവിയായ ദില്‍ബാഗ് സിങ്ങിനാണ് ഡിജിപിയുടെ താത്കാലിക ചുമതല. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് 2000ത്തില്‍ സസ്പെന്‍ഷന്‍ ലഭിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയാണ് വൈദിന്റെ പുതിയ നിയമനം.

TAGS :

Next Story