‘കിട്ടാകടം-പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി എടുത്തില്ല’; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്സ്
വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് RBI മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍
മനപ്പൂര്‍വ്വം വായ്പ തിരിച്ചടക്കാതെ ബാങ്കുകളെ കിട്ടാകടത്തിലാക്കുന്ന പ്രമുഖര്‍ക്കെതിരായ ആര്‍.ബി.ഐയുടെ അന്വേഷണ ശിപാര്‍ശയില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് നടപടി എടുത്തില്ല. ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പാര്‍ലമെന്‍ററി സമിതിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷയത്തില്‍ മോദീ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്സ് രംഗത്തെത്തി.
രാജ്യത്തെ ബാങ്കുകളെ വലക്കുന്ന നിഷ്ക്രിയ ആസ്തി അഥവാ കിട്ടാകട വിഷയം പരിഗണിക്കുന്ന പാര്‍ലമെന്‍ററി സമിതി ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിന് നല്‍കിയ 17 പേജുള്ള മറുപടിയിലാണ് രഘുറാം രാജന്‍റെ വെളിപ്പെടുത്തല്‍. ഭീമമായ തുക വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയ കമ്പനികളും വ്യക്തികളും ഏറെ. ഇവരുടെ പേര് വിവരങ്ങളടങ്ങുന്ന പട്ടിക പ്രധാന മന്ത്രിയുടെ ഓഫീസിന് കൈമാറിയതാണ്. വിവിധ ബാങ്കുകളും ഏജന്‍സികളും ഇത്തരക്കാര്‍ക്കെതിരെ നടത്തുന്ന അന്വേഷണങ്ങളെ കൃത്യമായി ഏകോപിപ്പിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയെ കുറിച്ച് ഒരു അറിവുമില്ല, വിഷയം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന് രാജന്‍ വ്യക്തമാക്കി. ഈ അന്വേഷണ ശിപാർശ മുന്‍ സര്‍ക്കാരിന്‍റെ കാലത്താണോ മോദീ കാലത്താണോ പ്രധാന മന്ത്രി ഓഫീസിലെത്തിയത് എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. പക്ഷേ മോദീ സര്‍ക്കാര്‍ കാലത്താണ് കിട്ടാകടം പെരുകിയത് എന്നും രഘുറാം രാജന്‍റെ ശിപാര്‍ശയില്‍ നടപടി എടുക്കാത്തതില്‍ മോദീസര്‍ക്കാര്‍ന മറുപടി പറയണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.
ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി നേതൃത്വം നല്‍കുന്ന സമതിക്കാണ് രഘുറാം രാജന്‍ ഈ മറുപടി നല്‍കിയത്. ബാങ്കുകളില്‍ നിഷ്ക്രിയ ആസ്തി ഉടലെടുത്ത് തുടങ്ങിയത് യു.പി.എ കാലത്ത് 2006 മുതല്‍ 2008 വരെയുള്ള സമയത്താണെന്ന് രഘുറാം രജന്‍ പറയുന്നു.
Adjust Story Font
16