ജെയ്‍റ്റിലി - മല്യ കൂടിക്കാഴ്ച; നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണായുധമാക്കും
മല്യക്കെതിരായ ലുക്കൌട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയത് ആരെന്ന ചോദ്യത്തിനും കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും.
രാജ്യം വിടും മുന്‍പ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കി. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇത് പ്രചാരണായുധമാക്കും. മല്യക്കെതിരായ ലുക്കൌട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയത് ആരെന്ന ചോദ്യത്തിനും കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും.
വിജയ് മല്യയുടെ ഈ വെളിപ്പെടുത്തലിനെ പ്രതിരോധിക്കാന്‍ കേന്ദ്രമന്ത്രിമാരെയും വക്താക്കളെയും തുടര്‍ച്ചയായി ബി.ജെ.പി രംഗത്തിറക്കിയിട്ടും ചോദ്യങ്ങള്‍ നിരവധി ബാക്കിയാണ്. 2016 ഒക്ടോബര്‍ 16ന് വിജയ് മല്യയെ രാജ്യം വിടുന്നത് തടയണമെന്ന് നിര്‍ദേശിച്ച് സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൌട്ട് നോട്ടീസ് നവംബര്‍ 23ന് ദുര്‍ബലപ്പെടുത്തി. ഈ അസാധാരണ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന ചോദ്യമാണ് ഇതില്‍ പ്രധാനം. ലുക്കൌട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയ കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നതനാണെന്ന ആരോപണം ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി തന്നെയാണ് ഉന്നയിക്കുന്നത്. അതിനാല്‍ കൂടിക്കാഴ്ച അനൌപചാരികമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാലും ലുക്കൌട്ട് നോട്ടീസിന്റെ കാര്യത്തില്‍ കേന്ദ്രം മറുപടി പറയേണ്ടി വരും.
പാര്‍ലമെന്റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ മുഖാമുഖം കണ്ടുമുട്ടിയെന്നതല്ലാതെ മറ്റൊരു സംഭാഷണവും നടത്തിയില്ലെന്നാണ് ജെയ്റ്റിലിയുടെ വാദം. എന്നാല്‍ കോണ്‍ഗ്രസ് എം.പി പി.എല്‍ പുനിയ പറയുന്നത് 15 മുതല്‍ 20 മിനുട്ട് വരെ കൂടിക്കാഴ്ച നടന്നുവെന്നും തെളിവായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നുമാണ്. ലണ്ടനിലേക്ക് പോവുകയാണെന്ന് മല്യ കൂടിക്കാഴ്ചക്കിടെ ജെയ്റ്റിലിയോട് പറഞ്ഞിരുന്നു. ഇക്കാര്യം എന്തുകൊണ്ട് ജെയ്റ്റിലി അന്വേഷണ ഏജന്‍സികളെ അറിയിച്ചില്ലെന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളിലും ബി.ജെ.പി മറുപടി പറഞ്ഞിട്ടില്ല.
യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് മല്യക്ക് നിയവിരുദ്ധ വായ്പകള്‍ ലഭിച്ചതെന്നും ഇതിന് സൌകര്യമൊരുക്കിയത് കോണ്‍ഗ്രസാണെന്നുമുള്ള പഴയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് ബി.ജെ.പി. മധ്യപ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തില്‍ മല്യയുടെ വെളിപ്പെടുത്തല്‍ പ്രചാരണ വിഷയമായി മാറും. റാഫേല്‍ ആയുധ ഇടപാടും പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനവിനുമൊപ്പം മല്യയും ചേരുന്നതോടെ പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാന്‍ ബി.ജെ.പി കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.
Adjust Story Font
16