ഹരിയാന കൂട്ടബലാത്സംഗ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും
മുഖ്യപ്രതി രാജസ്ഥാനില്‍ ജോലിചെയ്യുന്ന സൈനികനാണെന്ന് ഹരിയാന ഡിജിപി അറിയിച്ചു
ഹരിയാനയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മുഖ്യപ്രതി രാജസ്ഥാനില്‍ ജോലിചെയ്യുന്ന സൈനികനാണെന്ന് ഹരിയാന ഡിജിപി അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ മൌനം വെടിയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ എറ്റവും അധികം മാര്‍ക്ക് നേടി രാഷ്ട്രപതിയുടെ അഭിനന്ദനം ലഭിച്ച വിദ്യാര്‍ത്ഥിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്.
നിലവില്‍ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ബുധനാഴ്ച ക്ലാസ് കഴിഞ്ഞ് മടങ്ങവെ ഹരിയാനയിലെ മഹേന്ദർഗവില്‍ വച്ചായിരുന്നു തട്ടിക്കൊണ്ട് പോയത്. ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ലഹരി പാനീയം നല്‍കി നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. കേസ് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മുഖ്യപ്രതി രാജസ്ഥാനില്‍ ജോലിചെയ്യുന്ന സൈനികനാണെന്നും മറ്റ് രണ്ട് പേര്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Adjust Story Font
16