ജെ.എന്‍.യുവില്‍ എ.ബി.വി.പി നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി
മത്സരത്തിന്റെ ഒരു ഘട്ടത്തിലും എതിർ പക്ഷത്തിന് യാതൊരു തരത്തിലുള്ള വെല്ലുവിളിയും ഉയർത്താതെയായിരുന്നു എ.ബി.വി.പിയുടെ പതനം
ജവഹർലാൽ നെഹ്റു കേന്ദ്രസർവകലാശാലയിൽ നിന്ന് ഏറ്റവും ഒടുവിലായി പുറത്തു വന്ന വാർത്ത ഹിന്ദുത്വ ക്യാമ്പുകൾക്ക് അത്ര സുഖകരമായ ഒന്നല്ല. രാജ്യം ഏറെ ഉറ്റുനോക്കിയ ജെ.എൻ.യു വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ വിധി വന്നപ്പോൾ, പതിവു പോലെ ക്യാമ്പസ് വീണ്ടും ചുവക്കുകയാണുണ്ടായത്. എന്നാൽ ഇത്തവണ വിജയം ആധികാരികം തന്നെയായിരുന്നു. സംഘ് വിദ്യാർഥി സംഘടനയായ എ.ബി.വി.പിക്കെതിരെ മുഴുവൻ കേന്ദ്ര പാനലുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു ഇടത് സഖ്യത്തിന്റെ വിജയം.
ബാപ്സ, എ.ബി.വി.പി, എൻ.എസ്.യു.എെ, എന്നീ പാർട്ടികളും, എെസ - എ.എെ.എസ്.എഫ് - എസ്.എഫ്.എെ - ഡി.എസ്.എഫ് പാർട്ടികളുൾപ്പെട്ട ഇടത് സഖ്യവുമായിരുന്നു പ്രധാനമായും മത്സര രംഗത്തുണ്ടായിരുന്നത്. മോദി സര്‍ക്കാര്‍ കേന്ദ്രത്തിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഒരിക്കലെങ്കിലും യൂനിയൻ പിടിക്കണമെന്ന ലക്ഷ്യത്തോടെ എ.ബി.വി.പിയും, ഹിന്ദുത്വ ശക്തികളെ അടുപ്പിക്കില്ലെന്ന വാശിയോടെ ഇടതു സഖ്യവും ശക്തമായ കാര്യപരിപാടികളുമായി മുന്നോട്ടു പോയപ്പോൾ, ജനവിധി ഇടതു പക്ഷത്തോടൊപ്പം ചേർന്നു നിൽക്കുകയായിരുന്നു.
മത്സരത്തിന്റെ ഒരു ഘട്ടത്തിലും എതിർ പക്ഷത്തിന് യാതൊരു തരത്തിലുള്ള വെല്ലുവിളിയും ഉയർത്താതെയായിരുന്നു എ.ബി.വി.പിയുടെ പതനം. പാരമ്പര്യ ശക്തി കേന്ദ്രങ്ങളില്‍ പോലും എ.ബി.വി.പിക്ക് വോട്ടു ചോര്‍ച്ച ഉണ്ടായപ്പോള്‍, പാര്‍ട്ടി കേവലം രണ്ട് കൌണ്‍സിലര്‍ പോസ്റ്റിലേക്ക് ഒതുങ്ങി. എ.ബി.വി.പിയുടെ പ്രബല കേന്ദ്രമായ സയന്‍സ് സ്കൂളിലുള്‍പ്പടെ ഇടത് സഖ്യമാണ് മേല്‍കെെ നേടിയത്. അതുല്‍ ജോഹ്‍രി ലെെംഗികാരോപണ വിഷയത്തില്‍ പാര്‍ട്ടി പരാതിക്കാര്‍ക്കതിരെ നിന്നെന്ന ആരോപണം ഈ ഇടങ്ങളില്‍ വന്‍ വോട്ട് ചോര്‍ച്ചക്ക് കാരണമാവുകയായിരുന്നു.
സെന്‍ട്രല്‍ പാനലുകളിലും പൂര്‍ണ്ണ ആധിപത്യം നേടാന്‍ ഇടത് സഖ്യത്തിനായി. കഴിഞ്ഞ വര്‍ഷം 464 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച പ്രസിഡന്റ് സ്ഥാനം, ഇത്തവണ 1179 വോട്ടുകള്‍ക്കാണ് സഖ്യം നേടിയെടുത്തത്. ജോയന്റ് സെക്രട്ടറി ഒഴികെയുള്ള മറ്റു പോസ്റ്റുകളിലെല്ലാം ഇത്തവണ ഭൂരിപക്ഷം കൂടിയിട്ടുണ്ട്. എെസയില്‍ (All India Students Association) നിന്നുള്ള സായ് ബാലാജിയാണ് ഇടത് സഖ്യത്തില്‍ നിന്നും മത്സരിച്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വെെസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ യഥാക്രമം ശാരിക ചൌധരി (ഡി.എസ്.എഫ്), എെജാസ് അഹമദ് (എസ്.എഫ്.എെ), അമുദ ജയദീപ് (എ.ഐ.എസ്.എഫ്) എന്നിവരും ഇടത് സഖ്യത്തില്‍ നിന്നായി വിജയിച്ചു.
ദലിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കീഴാള രാഷ്ട്രീയത്തിന്റെ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്ന ബിര്‍സ അംബേദ്ക്കര്‍ ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍ (ബാപ്സ) ശക്തമായ മത്സരം കാഴ്ച്ച വെക്കുകയും ഒരു കൌണ്‍സിലര്‍ പോസ്റ്റ് നേടിയെടുക്കുകയും ചെയ്തു. എന്‍.എസ്.യു.എെക്ക് ഒരു കൌണ്‍സിലര്‍ സീറ്റ് ലഭിച്ചു.
Adjust Story Font
16