വില വർധനവ് ചോദ്യം ചെയ്തതിന് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു; തമിഴിസൈ വീണ്ടും വിവാദത്തിൽ
ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ വീണ്ടും വിവാദത്തിൽ. തമിഴിസൈയുടെ വാര്‍ത്താ സമ്മേനത്തിനിടെ പ്രവർത്തകർ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതാണ് പുതിയ വിവാദത്തിന് പിന്നിൽ. പെട്രോൾ വില വർധനവ് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം.
പെരിയോരുടെ പ്രതിമയിൽ ബിജെപി അഭിഭാഷകൻ ചെരുപ്പെറിഞ്ഞ സംഭവത്തിൻ പാർട്ടി നിലപാട് വ്യക്തമാക്കാനാണ് തമിഴിസൈ മാധ്യമങ്ങളെ കണ്ടത്. ഇതിനിടയിലാണ് സെയ്താപേട്ടിലെ ഓട്ടോ ഡ്രൈവറായ കതിർ ചോദ്യവുമായി എത്തിയത്. പെട്രോൾ വില വർധനവിനെതിരെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നതായിരുന്നു ചോദ്യം. ഇതോടെയാണ് പ്രകോപിതരായ പ്രവർത്തകർ കതിരിനെ മർധിച്ചത്.
ചോദ്യം തന്റെ പിറകിൽ നിന്നാണ് വന്നതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു തമിഴി സൈയുടെ ആദ്യ പ്രതികരണം. പിന്നീട് മർദ്ദിച്ചിട്ടില്ലെന്നും മദ്യപിച്ച് വന്നയാളെ മാറ്റി നിർത്തുകയാണ് പ്രവർത്തകർ ചെയ്തതെന്നും തിരുത്തി. ജീവിത പ്രശ്നമായതിനാലാണ് ചോദിച്ചതെന്ന് കതിർ പറഞ്ഞു.
ഭയം കാരണം പരാതി നൽകാൻ പോലും കതിർ തയ്യാറായിട്ടില്ല. കതിരിനെ വീട്ടിലെത്തി കണ്ട് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.
Adjust Story Font
16