ബട്ലാ ഹൗസും പുറത്തുള്ള ലോകവും
2008 സെപ്തംബർ 19ന് ബട്ലാ ഹൗസ് ഏറ്റുമുട്ടലിന് ശേഷം പാട്നാ കളക്ടീവിൽ അംഗമായ ഷാരൂഖ് ആലം എഴുതിയ ലേഖനം
‘വിദ്യാസമ്പന്നരായ ചെറുപ്പക്കാരായ കൊലയാളികളെ’ക്കുറിച്ചുള്ള ഒരു പ്രത്യേക പരിപാടിയുടെ ടി.വി പരസ്യം ഞാൻ ഈയടുത്ത് കാണാനിടയായി. അവർ ആരെയാണ് ഉദ്ദേശിച്ചതെന്ന് കുറച്ച് നേരത്തേക്ക് എനിക്ക് മനസ്സിലായില്ല. വ്യാജ ഏറ്റുമുട്ടലുകൾ നടത്തുന്ന ഉദ്യോഗസ്ഥരായിക്കും എന്നെനിക്ക് ആദ്യം തോന്നി. അതോ ഇന്ത്യയെ “മുന്നോട്ടേക്ക് നയിക്കാൻ” നയങ്ങളുണ്ടാക്കുന്ന സാമ്പത്തികവിദഗ്ധരെയായിരിക്കുമോ അവർ ഉദ്ദേശിച്ചത്? ദേശീയ ദുരന്ത നിവാരണ കമ്മീഷനിലുള്ളവരാണോ? അതോ കാലിക പ്രാധാന്യമുള്ള ഒരു വിഷയം എന്ന കണക്കിന് ലേഹ്‍മാന്‍ ബ്രദേർസിലെ മുതിർന്ന ഉദ്യോഗസ്ഥരെയാണോ? അതോ വൻകിട മരുന്നു കമ്പനികൾക്കു വേണ്ടി സംസാരിക്കുന്ന അഭിഭാഷകരെയാണോ?
പക്ഷെ പരസ്യത്തിന്റെ ബാക്കിഭാഗം കണ്ടപ്പോൾ സത്യം പറയാലോ, പ്രഗൽഭരായ ഇത്തരം ആളുകളെക്കുറിച്ച് അങ്ങനെയൊക്കെ ചിന്തിച്ചതോർത്ത് എനിക്കൊരൽപ്പം നാണക്കേട് തോന്നി. ചാനൽ ആരെയാണ് ഉദ്ദേശിച്ചതെന്നതിനെക്കുറിച്ച് എനിക്ക് ഒരു സംശയവും പാടില്ലായിരുന്നു- മുസ്‍ലിം ഭീകരവാദികളെക്കുറിച്ച് തന്നെ! ജാമിയയുടെ ഇരുണ്ട തെരുവുകളിൽ നിന്ന് ഡിപ്ലോമകളും ഡിഗ്രികളും കൈയിലേന്തി പകൽസമയം ഉത്സാഹമില്ലാത്ത ജോലികൾ ചെയ്യുകയും രാത്രിയാകുമ്പോൾ ബോംബുകൾ സ്ഥാപിക്കാൻ നടക്കുകയും ചെയ്യുന്ന അതേ ചെറുപ്പക്കാർ! എനിക്കത് എങ്ങനെ കാണാൻ കഴിയാതെ പോയി? ഒരു പക്ഷെ, ഞാനും ഒരു മുസ്‍ലിമായതു കൊണ്ടാവാം. തലതിരിച്ചു ചിന്തിക്കുന്നത് ഞങ്ങളുടെ ഒരു പൊതുസ്വഭാവമാണല്ലോ. എന്നാൽ മുസ്‍ലിമല്ലാഞ്ഞിട്ടും ഇങ്ങനെ തലതിരിഞ്ഞ് ചിന്തിക്കുന്നവരും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം.
തെക്കൻ ഡൽഹിയുടെ ഹൃദയഭാഗത്ത് ഇങ്ങനെയൊരു ഭീകരാക്രമണം നടക്കാമെന്ന കാര്യമാണ് മറ്റൊരു മാധ്യമപ്രവർത്തകയെ ഞെട്ടിച്ചത്. പ്രത്യേകിച്ച് മധ്യവർഗക്കാർ സാധാരണ ജീവിതം നയിക്കുന്ന സ്ഥലങ്ങളുമായി ഇത്രയും അടുത്തു നിൽക്കുന്ന ഒരിടത്ത്. അവർ ബാട്ലാ ഹൌസിനടുത്തുള്ള സാക്കിർ ഭാഗോ ഗുൽമോഹർ അവന്യുവോ ആയിരിക്കും ഉദ്ദേശിച്ചത് എന്ന് ഞാൻ കരുതി. എന്നാൽ ന്യൂ ഫ്രണ്ട്സ് കോളനിയും മഹാറാണി ഭാഗുമാണ് അവർ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചത്. അൽപം വിചിത്രമെന്ന് തോന്നിയെങ്കിലും ഈ ഉദാഹരണങ്ങൾ തെരഞ്ഞെടുത്തത് എത്ര ബുദ്ധിപൂർവമാണ് എന്ന് പിന്നീട് എനിക്ക് മനസ്സിലായി. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നുള്ള ദൂരത്തിനു പകരം ഓരോ തെരുവിലെയും ആളുകൾ സംഭവത്തെ കണ്ട രീതി അടിസ്ഥാനമാക്കിയാണ് അവർ സംസാരിച്ചത്. സാക്കിർ ഭാഗിലെയും ഗുൽമോഹർ അവന്യുവിലെയും ആളുകൾ ഞെട്ടിയ കാരണങ്ങളും മറ്റുള്ളവർ ഞെട്ടിയ കാരണങ്ങളും വ്യത്യസ്തമായിരുന്നു.
ബാട്ലാ ഹൌസിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രാദേശികമായതും അല്ലാത്തതുമായ ചില കാഴ്ചപ്പാടുകളുണ്ട്. ചിലർ മുഴുവനായോ ഭാഗികമായോ ഇവയിൽ വിശ്വസിക്കുന്നുമുണ്ട്. ആക്രമവും ഭീകരതയും എന്താണെന്നതിനെക്കുറിച്ചും പലവിധ കാഴ്ചപ്പാടുകൾ നിലനിൽക്കുന്നുണ്ട്. പുറത്തു നിന്നുള്ളവരെ പോലെ തന്നെ ജാമിഅക്കകത്തും ഇത്തരം ആക്രമണവും ഭീകരതയും അഴിച്ചുവിടുന്നവർക്കെതിരെ രോഷമുണ്ട്. ഇതിന്റെ കൂടെ സങ്കടവും നിരാശയുമുണ്ട്- അഭ്യന്തര വകുപ്പോ പോലീസോ ഉദ്യോഗസ്ഥരോ മാധ്യമങ്ങളോ തങ്ങളുടെ സഹകരണം തേടിയില്ല എന്നതിനെക്കുറിച്ച്. അങ്ങനെ സഹായം തേടുക എളുപ്പമല്ല. സംഭവങ്ങളെക്കുറിച്ച് ഒരു പ്രാഥമിക യുക്തിയും തലതിരിഞ്ഞ യുക്തിയും ഒരേ സമയത്ത് നിലനിൽക്കുമ്പോൾ പ്രത്യേകിച്ചും.
ജാമിയയുടെ എല്ലാ ഭാഗങ്ങളെയും പോലെ ബാട്ലാ ഹൌസും ഒരു ഗല്ലിയാണെന്നതാണ് ഇതിലെ പ്രാഥമിക യുക്തി. നഗരങ്ങളിൽ നിസ്സാരമായി ബോംബാക്രമണങ്ങൾ നടത്തുന്ന തീവ്രചിന്താഗതിക്കാരായ മുസ്‍ലിം ചെറുപ്പക്കാരുടെ നാട്. ഹിംസ ഒളിഞ്ഞിരിക്കുന്ന തെരുവ്. എന്നാൽ ഈ ഹിംസക്ക് ബാട്ലാ ഹൌസിന്റെ മറ്റു പല യാഥാർത്ഥ്യങ്ങളുമായും ബന്ധമുണ്ട്. ഗല്ലികളിൽ നിന്ന് പുറത്ത് കടക്കാനാഗ്രഹിച്ചാലും മുസ്‍ലിം ചെറുപ്പക്കാർക്ക് വർഷങ്ങളായി ന്യൂ ഫ്രണ്ട്സ് കോളനിയിലും മഹാറാണി ഭാഗിലും മറ്റുമുള്ള വീടുകൾ വാടകക്കെടുക്കുക അസാധ്യമാണ്. മേൽവിലാസത്തിൽ ജാമിയ എന്ന പേര് കാണുമ്പോൾ തൊഴിൽ ദാതാക്കളുടെ സമീപനത്തിലുണ്ടാവുന്ന മാറ്റത്തിൽ ഈ ഹിംസ ഒളിഞ്ഞിരിപ്പുണ്ട്. തൊഴിലാളിയുടെ മേലും ഈ മേൽവിലാസത്തിൻറെ പ്രഭാവമുണ്ട്; ജാമിഅ നിവാസികളായ ചെറുപ്പക്കാർ തൊഴിലിടങ്ങളിൽ തീർത്തും അരാഷ്ട്രീയരാണ്. ഒരു വിഷയത്തിലും അവർ അഭിപ്രായം പറയാറില്ല. തന്നെക്കുറിച്ച് തെറ്റായ കാഴ്ചപ്പാട് ഉണ്ടാകുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഈ മൌനം.
ജാമിയയെ ഒരു മുസ്‍ലിം ഗെറ്റോ ആയി മുദ്ര കുത്തുന്നതിലും ഈ ഹിംസ ഒളിഞ്ഞു കിടക്കുന്നുണ്ട്. സുരക്ഷയും പരിചയവും മൂലവും മറ്റിടങ്ങളിൽ വീട് കണ്ടെത്താനാവത്തതു മൂലവും മുസ്‍ലിംകൾ കൂട്ടത്തോടെ ഇവിടെ താമസമാരംഭിച്ചത് ഒരു റിയൽ എസ്റ്റേറ്റ് മാഫിയക്ക് ജന്മം കൊടുത്തിട്ടുണ്ട്. കണ്ണു തള്ളിപ്പോവുന്ന വിലയ്ക്കാണ് ഭൂമി വിൽക്കപ്പെടുന്നത്. വീടുകൾക്കിടയിൽ സ്ഥലമോ പ്രാഥമികമായ സൌകര്യമോ ഇല്ലെങ്കിലും ഉയർന്ന വാടക ഈടാക്കുന്ന കെട്ടിടങ്ങൾ നിയമവിരുദ്ധമായി ഇവിടെ ഉയർന്നു വന്നിട്ടുണ്ട്. ഇതൊക്കെയും ഒരു തരം അക്രമമാണ്. പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ചെറിയ പട്ടണങ്ങളിൽ നിന്നുള്ള മുസ്‍ലിം കുടിയേറ്റക്കാരെ ഇറക്കുന്ന ഒരു അന്തർസംസ്ഥാന ബസ് സ്റ്റേഷൻ തൊട്ടരികിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ മുഴുവൻ സമ്പാദ്യവുമായി വന്നിറങ്ങുന്ന ഈ കുടിയേറ്റക്കാർ ഇടുങ്ങിയ ഫ്ലാറ്റുകളിൽ ജീവിതമാരംഭിക്കുന്നു. സൌകര്യമില്ലെങ്കിലും വലിയ വിലക്കാണ് ഈ ഫ്ലാറ്റുകൾ വിറ്റുപോവുന്നത്.
സ്വന്തമായി നിയമസംവിധാനത്തോടും ഭരണകൂടത്തോടും സംസാരിക്കാൻ അർഹതയുള്ളവരായി മുസ്‍ലിം സമൂഹത്തെ കാണാതെ അവർക്ക് വേണ്ടി സർക്കാരോട് മധ്യസ്ഥത നിൽക്കുന്ന മുസ്‍ലിം നേതാക്കളും റിയൽ എസ്റ്റേറ്റ് മാഫിയയും ഈ ആക്രമണത്തിൽ പങ്കാളികളാണ്. പോലീസുമായി ചങ്ങാത്തത്തിൽ കഴിയുന്ന, സമുദായത്തിന്റെ കാര്യങ്ങൾ നോക്കിനടക്കുന്ന ചില ഗുണ്ടകളുമുണ്ട്. എവിടെയെങ്കിലും നടന്ന കുറ്റകൃത്യത്തിന്റെ പേരിൽ വെടികൊണ്ട് മരിക്കുന്നത് വരെ അവർ ഗല്ലികൾ ചുറ്റിക്കൊണ്ട് നടക്കും.
പ്രാദേശിക ഭരണസംവിധാനങ്ങൾ ഇടപെടാതിരുന്നിട്ടും ജാമിയയെ അലംഭാവത്തോടെ മാത്രം നോക്കുന്ന സർവകലാശാലയുടെ സമീപനത്തിലും ആക്രമമുണ്ട്. ഇതിന്റെയൊക്കെ ഇടയിൽ കെണിഞ്ഞ ബാട്ലാ ഹൌസിന്റെ തെരുവുകളിൽ മാലിന്യം കുന്നുകൂടുന്നു. കല്ലിച്ച മുഖമുള്ള ആണുങ്ങളും ബുർഖയണിഞ്ഞ സ്ത്രീകളും പാതയോരങ്ങളിൽ സഹായമഭ്യർത്ഥിക്കുന്നു.
ഗല്ലികളെ തീവ്രവാദികളുടെ താവളമായി മുദ്ര കുത്തുന്നത് അവിടുത്തെ താമസാക്കാർക്കിടയിൽ വേട്ടയാടപ്പെടുന്ന ഒരു പ്രതീതിയുളവാക്കുന്നു. തരാതരംനോക്കാതെയാണ് അറസ്റ്റുകൾ നടക്കുന്നത്. ഇതിൽ ചിലതൊക്കെ ശരിയായ കാരണങ്ങൾക്കു വേണ്ടിയാണെങ്കിലും അറസ്റ്റുകളും പരിശോധനകളും നടത്തുന്ന രീതി തികച്ചും അക്രമാപരമാണ്. അറസ്റ്റിന്റെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒരുത്തരവും ലഭിക്കില്ല (ഇത് എല്ലായിടങ്ങളിലും നടക്കുന്ന കാര്യം തന്നെയാണെന്നത് സത്യം). ബാട്ലാ ഹൌസ് കേസിൽ കൊല്ലപ്പെട്ടവരുടെയും പ്രതി ചേർക്കപ്പെട്ടവരുടെയും നാടായ അസംഗ ർഹിൽ നിന്നുള്ള വിദ്യാർത്ഥികൾ കൂട്ടത്തോട് നാടു വിട്ടിരിക്കുകയാണ്. പോലീസ് തങ്ങളെ എളുപ്പം വേട്ടയാടുമെന്ന് അവർക്ക് തോന്നിയിട്ടുണ്ട്. അവർ സർവകലാശാലയിലേക്ക് തിരിച്ചു വരുമെന്ന് ഉറപ്പില്ല.
ബാട്ലാ ഹൌസിനെയും ജാമിയയെയും കുറിച്ച് മാധ്യമങ്ങൾ സംസാരിക്കുന്ന രീതി അവരെ കൂടുതൽ അകറ്റാനേ സഹായിച്ചിട്ടുള്ളൂ. മരിച്ചവനെ ‘സാജിദ്’ എന്നും ‘സജ്ജാദ്’ എന്നും ‘ശാഹിദ്’ എന്നും പത്രങ്ങൾ (ചിലപ്പോൾ ഒരേ പേജിൽ പലയിടങ്ങളിലായി) വിളിച്ചിട്ടുണ്ട്. “രണ്ട് മുസ്‍ലിം പേരുകൾ വേർതിരിച്ച് പറയാൻ പോലും അവർക്ക് കഴിയില്ലേ? എല്ലാം അവർക്ക് ഒരു പോലെയാണോ?” എന്ന് ചോദിച്ചവരുണ്ട്. ന്യൂ ഫ്രണ്ട്സ് കോളനിയിലെ സാമൂഹിക കേന്ദ്രത്തിലെ ആൺകുട്ടികൾ ജാമിയയിലേക്ക് വരാറില്ല. അവിടെ അവർ സുരക്ഷിതരല്ല പോലും. ആര് ആരെയാണ് ഇവിടെ ആക്രമിച്ചിരിക്കുന്നത്?
മുസ്‍ലിംകൾ പൊതുസ്ഥലങ്ങളിൽ ബോംബ് വെക്കുകയും അത് പൊട്ടി നിരപരാധികളായ ആളുകൾ മരിക്കുകയും ചെയ്യുക എന്നതാണ് തീവ്രവാദത്തിന്റെ പൊതുവായി അംഗീകരിക്കപ്പെട്ട നിർവ്വചനമെങ്കിലും ബാട്ലാ ഹൌസിൽ വേറെയും രണ്ട് നിർവ്വചനങ്ങൾ നൽകപ്പെടുകയും ഇതോടൊപ്പം ചില ചോദ്യങ്ങൾ ഉയർത്തപ്പെടുകയും ചെയ്യാറുണ്ട്. ഒന്ന്, ഭയപ്പെടുത്താനും അധീനപ്പെടുത്താനും വേണ്ടി രാഷ്ട്രീയ ഉദ്ദേശങ്ങൾ വെച്ചു കൊണ്ട് ചെയ്യുന്ന ആക്രമവും ഭീഷണിയും. രണ്ട്, ഭീകരവാദം മൂലം സൃഷ്ടിക്കപ്പെടുന്ന ഭയത്തിന്റെയും വിധേയത്വത്തിന്റെയും അന്തരീക്ഷം. ഇങ്ങനെ നോക്കിയാൽ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുകയും ക്രൈസ്തവവിഭാഗക്കാർ കൊല്ലപ്പെടുകയും ചെയ്യുന്നത് തീവ്രവാദമല്ലാതാകുന്നത് എങ്ങനെയാണ് എന്നാണ് അവരുടെ ഒരു ചോദ്യം. അസംഗർഹിൽ നിന്നുള്ള കുട്ടികൾ കൂട്ടത്തോടെ നാടു വിട്ടതോ? തങ്ങളെ ഏതു സമയവും പോലീസ് കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്യാമെന്നും സെപ്തംബർ 19ന് ശേഷം ‘തീവ്രവാദി’ എന്ന് പേര് നൽകിയാൽ അറസ്റ്റിനെക്കുറിച്ച് ആരും പോലീസിനെ ചോദ്യം ചെയ്യില്ലെന്നും മുസ്‍ലിംകള്‍ക്കിടയിൽ വ്യാപകമായി ഭയം രൂപപ്പെട്ടു വന്നതും തീവ്രവാദത്തിൽ പെടില്ലേ?
ഇതിനുള്ള ഉത്തരം അവരുടെ പ്രവർത്തനങ്ങളിൽ തന്നെയുണ്ട്. തങ്ങളെ ബാധിക്കുന്ന ആക്രമങ്ങളെ മാത്രമേ അവർ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുകയുള്ളൂ. എന്നാൽ ബാട്ലാ ഹൌസുകാരെ സംബന്ധിച്ചെടുത്തോളം ഈ അക്രമത്തിന്റെ അന്തരീക്ഷം തന്നെയാണ് അവരെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത്. ബോംബാക്രമണത്തെക്കുറിച്ചുള്ള ഭയം ഇടയ്ക്ക് മാത്രമേ ഉയർന്നുവരികയുള്ളൂ.
ബോംബുകൾ പൊട്ടിയതിനു ശേഷം പ്രതി ആഘോഷിച്ചതിനെക്കുറിച്ചുള്ള പോലീസിന്റെ വിവരണം ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേ പത്രങ്ങൾ തന്നെ കുറച്ച് കാലം മുൻപ് ഒരു വ്യാജ ഏറ്റുമുട്ടൽ വിദഗ്ധൻ വീട്ടിൽ പോയി നടത്തിയ ആഘോഷങ്ങളെക്കുറിച്ചും വാർത്ത നൽകിയിട്ടുണ്ട്. രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. പ്രാഥമികമായാലും തലതിരിഞ്ഞതായാലും ഹിംസ എല്ലാം ഒന്നു തന്നെ.
ഹിംസയോടുള്ള രോഷവും ഒരു പോലെയാണ്. ബോംബാക്രമണങ്ങളോട് ജനങ്ങൾക്കുള്ള രോഷത്തിന്റെ അതേയളവിൽ ക്രിസ്ത്യൻ പള്ളികൾ കത്തിച്ചവരോടും രോഷം നിലനിൽക്കുന്നുണ്ട്. സമുദായവും സർക്കാരും തമ്മിലെ വിശ്വാസത്തിന് സംഭവിച്ച തകർച്ച പലരെയും നിരാശപ്പെടുത്തിയിട്ടുണ്ട്. “ഞങ്ങളെ അറിയിക്കുന്നതിന് മുൻപ് മാധ്യമങ്ങളെ അറിയിച്ചു” എന്നതാണ് ഒരു പരാതി. മരിച്ചവരുടെ കുടുംബങ്ങളെ പോലീസ് അറിയിച്ചിട്ടില്ല. അവർ ടി.വിയിൽ നിന്നാണ് അതിനെക്കുറിച്ച് കേട്ടത്.
ഈ വിശ്വാസത്തകർച്ച മൂലം ഒരു കൂട്ടർക്ക് മറ്റു കൂട്ടരുടെ വ്യാഖ്യാനങ്ങൾ കേൾക്കാൻ താത്പര്യമില്ലാതായിരിക്കുന്നു. വ്യത്യസ്തമായ ഈ രണ്ട് ലോകങ്ങളെ മനോഹരമായി കൈകാര്യം ചെയ്യുന്ന ഒരു പഴക്കച്ചവടക്കാരനെ ബട്ലാ ഹൌസിനു മുന്നിൽ ഞാൻ കണ്ടുമുട്ടി. പോലീസുകാർക്കും ഇഫ്താറുകാർക്കും അയാൾ പഴം വിൽക്കുന്നുണ്ടായിരുന്നു. “നന്നായി സാഹിബ്. നിങ്ങളീ അഴുക്കൊക്കെ ഒഴിവാക്കി” എന്ന് പോലീസുകാരെ അയാൾ അഭിനന്ദിച്ചു. മറ്റുള്ളവരോട് ശബ്ദം താഴ്ത്തി അയാൾ രഹസ്യഭാവത്തിൽ പറഞ്ഞു, “ഇവർ ഒരു നശിച്ച അടയാളമാണ്. ഇനി എത്ര പേരെ കൊന്നിട്ടാണ് അവരിവിടെ നിന്ന് പോവാൻ പോകുന്നതെന്ന് ദൈവത്തിനറിയാം.”
രണ്ട് ലോകങ്ങളെയും ഇണക്കി കൊണ്ടുപോവാൻ ഞാനിനിയും പഠിച്ചിട്ടില്ല. “വഷളൻ! ചാരനാണെന്ന് തോന്നുന്നു,” എന്നു മാത്രം ഞാൻ എന്നോടു തന്നെ പിറുപറുത്തു.
കടപ്പാട്: കാഫില
Adjust Story Font
16