എസ്.സി-എസ്.ടി അതിക്രമ നിരോധ നിയമം; കേന്ദ്ര ഭേദഗതിയെ തള്ളി മധ്യപ്രദേശ് സര്‍ക്കാര്‍
എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. നിയമം ലഘൂകരിച്ച് കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പിലാക്കുമെന്നും ചൌഹാന്‍ പറഞ്ഞു. സുപ്രിം കോടതി ഉത്തരവ് മറികടക്കാന്‍ പാര്‍ലമെന്റ് നേരത്തെ നിയമത്തില്‍ ഭേദഗതി കൊണ്ട് വന്നിരുന്നു. ഇതിനെതിരെ മുന്നോക്ക സമുദായക്കാര്‍ ആരംഭിച്ച പ്രക്ഷോഭം തണുപ്പിക്കാനാണ് ചൗഹാന്റെ നീക്കം.
എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ എന്നും, പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്പ് മേല്‍ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്നും നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. നിയമം ദുര്‍ബലപ്പെടുത്തിയെന്നാരോപിച്ച് ദളിത് സംഘടനകള്‍ വ്യാപക പ്രക്ഷോഭം ആരംഭിച്ചതോടെ ഉത്തരവ് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമത്തില്‍ ഭേദഗതി കൊണ്ടു വന്നു. ഇതിനെതിരെ മധ്യപ്രദേശുള്‍പ്പെടേയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നോക്ക സമുദായക്കാര്‍ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലാണ് പ്രക്ഷോഭത്തിന്റെ ഉദ്ഭവ കേന്ദ്രം. ബിജെപിയുടെ പ്രധാന വോട്ട് ബാങ്കായ മുന്നോക്ക സമുദായക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുന്പ് നടത്തുന്ന പ്രക്ഷോഭം തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ഭേദഗതികളെ തന്നെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്ത് വന്നിരിക്കുന്നത്. മധ്യപ്രദേശില്‍ എസ്.സി-എസ്.ടി അതിക്രമ നിരോധ നിയമം ദുരുപയോഗം ചെയ്യപ്പെടില്ല. സുപ്രിം കോടതി നിര്‍ദേശിച്ചത് പോലെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുകയും മേലുദ്യോഗസ്ഥന്റെ അനുമതി നേടുകയും ചെയ്തതിന് ശേഷമേ നിയമപ്രകാരം അറസ്റ്റുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16