Quantcast

മനോവീര്യം കെടുത്തിയാല്‍ നാക്കരിയും; ജനപ്രതിനിധികളോട് ആന്ധ്രാപ്രദേശ് പൊലീസിന്റെ ഭീഷണി 

MediaOne Logo

Web Desk

  • Published:

    22 Sep 2018 7:07 AM GMT

മനോവീര്യം കെടുത്തിയാല്‍ നാക്കരിയും; ജനപ്രതിനിധികളോട് ആന്ധ്രാപ്രദേശ് പൊലീസിന്റെ ഭീഷണി 
X

പൊലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ ജനപ്രതിനിധികളുടെ നാക്കരിയുമെന്ന് ആഡ്രാപ്രദേശിലെ പൊലീസ് ഓഫീസറുടെ പരാമര്‍ശം വന്‍ വിവാദത്തില്‍. ഒരു ടി.ഡി.പിയെ ഉന്നംവെച്ചാണ് പൊലീസ് ഓഫീസറുടെ ഭീഷണി. അനന്ദാപൂര്‍ ജില്ലയിലെ കാഡിരി എന്ന സ്ഥലത്തെ ഇന്‍സ്‌പെക്ടര്‍ മാധവ് ആണ് വിവാദ പരാമര്‍ശം നടത്തിയത്. അതേസമയം ഇന്‍സ്‌പെക്ടറുടെ പരാമര്‍ശത്തിനെതിരെ ടി.ഡി.പി എം.പി ജെ.സി ദിവാകര്‍ റെഡ്ഡി രംഗത്ത് എത്തുകയും പിന്നീട് പരാതി നല്‍കുകയും ചെയ്തു.

‘ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ഞങ്ങള്‍ സംയമനം പാലിച്ച് നില്‍ക്കുകയാണ്. അതിരുകടന്ന് പൊലീസുകാര്‍ക്കെതിരെ ആരെങ്കിലും സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി കേട്ടിരിക്കില്ല. അത്തരക്കാരുടെ നാവരിഞ്ഞുകളയും. അതില്‍ സംശയമൊന്നും വേണ്ട. സൂക്ഷിച്ചോളൂ”- എന്നായിരുന്നു പത്രസമ്മേളനത്തിനിടെ മാധവിന്റെ പരാമര്‍ശം. അരിയാനുള്ള നാവ് എവിടെ നിന്നും കിട്ടുമെന്നായിരുന്നു എം.പി ദിവാകര്‍ റെഡ്ഡിയുടെ പ്രതികരണം. അതേസമയം ഇന്‍സ്പെക്ടര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിജയകുമാര്‍ വ്യക്തമാക്കി.

താതിപത്രി ഗ്രാമത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് എം.പിയും പൊലീസ് ഇന്‍സ്പെക്ടറും പരസ്യമായി കൊമ്പുകോര്‍ത്തത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ല, രക്ഷപ്പെടാനുള്ള വഴിയാണ് പൊലീസുദ്യോഗസ്ഥര്‍ നോക്കിയതെന്നും സേനയിലെ ഒരുത്തനും തന്റേടമില്ലെന്നുമായിരുന്നു എം.പിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് ഇന്‍സ്പെക്ടര്‍ രംഗത്തുവന്നത്.

TAGS :

Next Story