Quantcast

മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടു, രാജസ്ഥാന്‍ ബി.ജെ.പിയില്‍ പ്രതിസന്ധി

പിതാവും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപക നേതാവുമായ ജശ്വന്ത് സിങിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്ര സിങ് അതൃപ്തനായത്

MediaOne Logo

Web Desk

  • Published:

    23 Sep 2018 2:35 AM GMT

മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടു, രാജസ്ഥാന്‍ ബി.ജെ.പിയില്‍ പ്രതിസന്ധി
X

രാജസ്ഥാനില്‍ ബി.ജെ.പി നേതാവ് മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടതോടെ ബി.ജെ.പി പ്രതിസന്ധിയിലായി. ബി.ജെ.പിയുടെ വോട്ട് ബാങ്കായ രജപുത് സമുദായത്തെ ഒപ്പം കൂട്ടി മുന്നോട്ട് പോകാനാണ് മാനവേന്ദ്രയുടെ തീരുമാനം. മാനവേന്ദ്രയടക്കം 2013ല്‍ 14 എം.എല്‍.എമാര്‍ വന്ന സമുദായമാണ് രജപുത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായെത്തിയത് പാര്‍ട്ടിക്ക് ക്ഷീണമായിരിക്കെയാണ് അടുത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ആഴ്ചകളായി നയിക്കുന്ന പ്രചാരണ പരിപാടിയായ ഗൗരവ് റാലിക്ക് സമാനമായി ബാര്‍മറില്‍ സ്വാഭിമാന്‍ സമ്മേളന്‍ സംഘടിപ്പിച്ചായിരുന്നു മാനവേന്ദ്ര സിങിന്റെ രാജി പ്രഖ്യാപനം. വസുന്ധര സര്‍ക്കാരില്‍ അതൃപ്തരായ രജപുത് സമുദായാംഗങ്ങളെ അണിനിരത്തിയായിരുന്നു മാനവേന്ദ്ര സ്വാഭിമാന്‍ സമ്മേളന്‍ സംഘടിപ്പിച്ചത്. മാനവേന്ദ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും അല്ലാത്ത പക്ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിതാവും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപക നേതാവുമായ ജശ്വന്ത് സിങിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്ര സിങ് അതൃപ്തനായത്. രജപുത് സമുദായാംഗമായ മാനവേന്ദ്രയുടെ രാജി പ്രഖ്യാപനം ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ വലിയ കുറവുണ്ടാക്കിയേക്കും. ജാട്ട്, രജപുത് വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകളായിരുന്നു വസുന്ധര രാജസിന്ധ്യ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്.

ഈ വോട്ടുകള്‍ പിളരുന്നത് മുതലെടുക്കാനായാല്‍ സംസ്ഥാനത്ത് വലിയ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. എസ്.സി എസ്.ടി അധിക്രമ നിരോധന നിയമ ഭേദഗതി ബില്ലിനെതിരെ വലിയ രീതിയില്‍ പ്രതിഷേധമുണ്ടായ സംസ്ഥാനമായിരുന്നു രാജസ്ഥാന്‍. മാനവേന്ദ്ര കൂടി പാര്‍ട്ടി വിടുന്നതോടെ മുന്നോക്ക വിഭാഗ വോട്ടുകളില്‍ വലിയ വിള്ളലാണ് രൂപപ്പെടുന്നത്.

TAGS :

Next Story