Quantcast

റഫാല്‍ യുദ്ധവിമാനക്കരാര്‍ അഴിമതി: ഫ്രഞ്ച് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നു

കേന്ദ്ര വിജിലന്‍സ് കമ്മീഷനുമായി കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും; ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണച്ച് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

MediaOne Logo

Web Desk

  • Published:

    24 Sep 2018 1:54 AM GMT

റഫാല്‍ യുദ്ധവിമാനക്കരാര്‍ അഴിമതി: ഫ്രഞ്ച് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നു
X

റഫാല്‍ യുദ്ധ വിമാനക്കരാര്‍ സംബന്ധിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്‍സ്വ ഓലന്‍ഡ് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവുകയാണ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനുമായി കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും.

ജെ.പി.സി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ പിന്തുണച്ച് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. റഫാലില്‍ ഓഫ്സെറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സിനെ കൊണ്ട് വന്നത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന മുന്‍ ഫ്രഞ്ച് ഫ്രാങ്‍സ്വ ഓലന്‍ഡിന്റെ വെളിപ്പെടുത്തല്‍ ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയ അലയൊലികള്‍ അവസാനിക്കുന്നില്ല.

വിഷയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ മുഖ്യ പ്രചാരണ വിഷയമായി ഇപ്പോള്‍ തന്നെ മാറിക്കഴിഞ്ഞു. ചൌക്കിദാര്‍ ചോര്‍ഹെ അഥവ, പ്രധാനമന്ത്രി കള്ളനാണെന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് റഫാലില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടര്‍ച്ചയായ അക്രമിക്കുകയാണ്. കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തി ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം പ്രഖ്യാപിക്കൂ എന്നാണ് രാഹുല്‍ ഇന്നലെ പറഞ്ഞത്. ഇതോടൊപ്പം കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനുമായി കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കൂടിക്കാഴ്ച നടത്തും. ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം രംഗത്ത് വന്നു.

അതേസമയം, മുന്‍ ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവനയെ കോണ്‍ഗ്രസിന്റെയും ഫ്രാന്‍സിലെ പ്രതിപക്ഷ പാര്‍ട്ടിയുടെയും ഗൂഢാലോചനയായി അവതരിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. പ്രധാനമന്ത്രിയുടെ പ്രതിഛായ തകര്‍ക്കാന്‍ ആഗോള തലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററില്‍ ആരോപിച്ചു.

TAGS :

Next Story