കഫീല്‍ ഖാനെയും സഹോദരനെയും അറസ്റ്റ് ചെയ്തത് 9 വര്‍ഷം പഴക്കമുള്ള കേസിലെന്ന് പൊലീസ്
ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ 79 ശിശു മരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഉച്ചയോടെ ആശുപത്രി സന്ദര്‍ശിച്ച കഫീല്‍ ഖാനെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡോക്ടര്‍ കഫീല്‍ ഖാനെയും സഹോദരന്‍ അദീലിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത് 9 വര്‍ഷം പഴക്കമുള്ള കേസിലെന്ന് പൊലീസ്. 2009ല്‍ രാജ്ഘട്ട് പൊലീസ് സ്റ്റേഷനില്‍ നിലവിലുളള പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ 79 ശിശു മരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഉച്ചയോടെ ആശുപത്രി സന്ദര്‍ശിച്ച കഫീല്‍ ഖാനെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുസഫര്‍ ആലം എന്നയാളാണ് 9 വര്‍ഷം മുമ്പുള്ള കേസിലെ പരാതിക്കാരനെന്ന് പൊലീസ് പറയുന്നു. കഫീലും സഹോദരനും ചേര്‍ന്ന് തന്റെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ഇവ ഉപയോഗിച്ച് എസ്.ബി.ഐയില്‍ അക്കൗണ്ട് തുറന്നതായും 82 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നും പറയുന്നു. ഈ സമയത്ത് കഫീല്‍ ഖാന്‍ മണിപ്പാല്‍ സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഓഫീസര്‍ പ്രഭാത് കുമാര്‍ റായി പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കള്ള കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാന് ഈ വർഷം എപ്രിലിൽ ആണ് ജാമ്യം ലഭിച്ചത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായിരുന്ന കഫീല്‍ ഖാനെ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചതിന് പിന്നാലെയാണ് കേസില്‍ കുടുക്കിയത്.
കഴിഞ്ഞ ജൂണില്‍ കഫീൽ ഖാന്റെ സഹോദരൻ കാശിഫ് ജമാലിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ കാശിഫ് പിന്നീട് അപകടനില തരണം ചെയ്തു. കഫീല്‍ ഖാന്റെയും സഹോദരന്റെയും അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
Adjust Story Font
16