‘തമിഴ് വംശജരെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന ഡി.എം.കെ, കോണ്‍ഗ്രസ് കക്ഷികളെ രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യണം’ അണ്ണാ ഡി.എം.കെയുടെ പ്രതിഷേധ സംഗമം
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തമിഴ് ജനതയെന്ന വികാരം ഉയര്‍ത്തി, ഡി.എം.കെയ്ക്ക് തിരിച്ചടി നല്‍കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് അണ്ണാ ഡി.എം.കെയുടെ പ്രതിഷേധ സംഗമങ്ങള്‍
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍, തമിഴ് വംശജരെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന ഡി.എം.കെ, കോണ്‍ഗ്രസ് കക്ഷികളെ രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തിയ പരിപാടിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തമിഴ് ജനതയെന്ന വികാരം ഉയര്‍ത്തി, ഡി.എം.കെയ്ക്ക് തിരിച്ചടി നല്‍കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് അണ്ണാ ഡി.എം.കെയുടെ പ്രതിഷേധ സംഗമങ്ങള്‍.
എല്‍.ടി.ടി.ഇക്കെതിരായ 2009ലെ യുദ്ധത്തില്‍, അന്ന്, കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസും തമിഴ്നാട് ഭരിച്ചിരുന്ന ഡി.എം.കെയും പിന്തുണച്ചുവെന്നാണ് അണ്ണാ ഡി.എം.കെയുടെ ആരോപണം. യുദ്ധത്തെ യു.പി.എ സര്‍ക്കാര്‍ പിന്തുണച്ചിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ്ര രജപക്ഷെയുടെ പ്രസ്താവനയെ തുടര്‍ന്നാണ് എ.ഡി.എം.കെ ഇതിനെ രാഷ്ട്രീയമായി ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചത്. ഡി.എം.കെ, കോണ്‍ഗ്രസ് പാര്‍ട്ടികളെ രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യണമെന്ന് എ.ഡി.എം.കെ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധിയും എം.കെ. സ്റ്റാലിനും ശ്രീലങ്കയിലെ തമിഴ് വംശജരെ പറ്റിയ്ക്കുകയായിരുന്നുവെന്ന് സേലത്ത് പ്രതിഷേധത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം തേനിയിലെ പരിപാടിയിലാണ് പങ്കെടുത്തത്. ചെന്നൈയില്‍ എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കുളത്തൂരില്‍ നടത്തിയ പരിപാടിയില്‍ മന്ത്രി കെ. ജയകുമാര്‍ പങ്കെടുത്തു.
Adjust Story Font
16