അസമിന് പുറമെ ബംഗാളിലും പൗരത്വപ്പട്ടിക നടപ്പാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി
അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ അസമിൽ നടപ്പിലാക്കിയ ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) പശ്ചിമ ബംഗാളിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത്. ഇതിനായി കോടതിയെ സമീപിക്കാനും തയ്യാറാണെന്നാണ് ബി.ജെ.പി യുടെ നിലപാട്.
"പശ്ചിമ ബംഗാളിൽ അടിയന്തിരമായി എൻ.ആർ.സി നടപ്പിലാക്കണം. യഥാർത്ഥത്തിൽ, പൗരത്വപ്പട്ടിക ഏറ്റവും കൂടുതൽ ആവശ്യമുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഒരു കോടിയോളം നുഴഞ്ഞുകയറ്റക്കാർ സംസ്ഥാനത്തുണ്ട്," വെസ്റ്റ് ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
എൻ.ആർ.സി നൂറു ശതമാനം അനിവാര്യമാണെന്നും പാർട്ടി അതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഘോഷ് പറഞ്ഞു.
"പൊതുജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനായി ഞങ്ങൾ സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു വരികയാണ്. അനുയോജ്യമായ സമയത്ത് ഞങ്ങൾ അതിന് വേണ്ടി ഔദ്യോഗികമായി ആവശ്യം ഉന്നയിക്കും. വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനും ഞങ്ങൾ പദ്ധതിയിടുന്നുണ്ട്," ദിലീപ് ഘോഷ് പറഞ്ഞു.
അസം പൗരത്വപ്പട്ടിക
1971 മാർച്ചിന് ശേഷം ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറിയവരെ കണ്ടെത്താൻ വേണ്ടിയാണ് അസമിൽ പൗരത്വപ്പട്ടിക നടപ്പാക്കിയത്. ജൂലൈ അവസാനം പ്രസിദ്ധീകരിച്ച അവസാന കാർഡ് രേഖയിൽ 40 ലക്ഷത്തോളം അപേക്ഷകർക്ക് ഇടം ലഭിച്ചില്ല.
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന പൗരത്വപ്പട്ടിക 1985 ൽ കേന്ദ്ര സർക്കാരും അസം മൂവ്മെന്റിന്റെ നേതാക്കളും തമ്മിൽ ഒപ്പുവെച്ച അസം ഒത്തുതീർപ്പിന്റെ ഭാഗമായാണ് ആരംഭിച്ചത്.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ പശ്ചിമ ബംഗാളിലും എൻ.ആർ.സി നടപ്പാക്കണമെന്ന ആവശ്യവുമായിട്ടാണ് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
Adjust Story Font
16